Investments

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തില്‍ 26 ശതമാനം വര്‍ധനവ്

മുംബൈ: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ സ്വകാര്യ ഇക്വിറ്റി (പിഇ) നിക്ഷേപത്തില്‍ 26 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2019 ലെ ആദ്യപകുതിയിലെ കണക്കനുസരിച്ച് ഈ മേഖലയിലെ നിക്ഷേപത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സ്വകാര്യ ഇക്വിറ്റിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കോളിയേഴ്‌സ് റിസേര്‍ച്ചാണ് രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്.

കോളിയേഴ്‌സിന്റെ അഭിപ്രായത്തില്‍ വാണിജ്യ, വെയര്‍ ഹൗസിങ് മേഖലയിലേക്കാണ് സ്വകാര്യ ഇക്വിറ്റി നിക്ഷേപം കൂടുതല്‍ ഒഴുകിയെത്തിയത്. അതേസമയം രാജ്യത്ത് പിഇ നിക്ഷേപത്തില്‍ കൂടുതല്‍ ഒഴുക്കുണ്ടായത് മുംബൈ നഗരത്തിലേക്കാണ്. ഏകദേശം 27 ശതമാനം പിഇ നിക്ഷേപമാണ് മുബൈയിലേക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പിഇ നിക്ഷേപമായി ഒഴുകിയെത്തിയത്. ഇക്കാലയളവില്‍ 1.05 ബില്യണ്‍ ഡോളറാണ് 2019 ന്റെ ആദ്യപകുതിയില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായി രേഖപ്പെടുത്തിയത്. 

അതേസമയം രാജ്യത്തെ പ്രധാനപ്പെട്ട നഗരമായ പൂണൈയിലേക്ക് ആകെ ഒഴുകിയെത്തിയ പിഇ നിക്ഷേപം 237 മില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. റീട്ടെയ്ല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് 2019 ന്റെ ആദ്യ പകുതിയില്‍ 1.2 ബില്യണ്‍ ഡോളറും വിദേശ നിക്ഷേപമായി ഒഴുകിയെത്തിയിട്ടുണ്ട്. അതേസമയം വരും വര്‍ഷങ്ങളില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തിലും, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ചയിലും വന്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് കോളിയേഴ്‌സ് റിസേര്‍ച്ച് അഭിപ്രായപ്പെടുന്നത്.

 

Author

Related Articles