Lifestyle

ഇനി ബെന്‍സും വാങ്ങാം ഓണ്‍ലൈനായി!

ഇനി കാറുകളും ഓണ്‍ലൈന്‍ ആയി വാങ്ങാം. ഹ്യുണ്ടായ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ബിഎംഡബ്ല്യു ഇന്ത്യ എന്നീ കമ്പനികള്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കി മെഴ്സിഡീസ് ബെന്‍സും തങ്ങളുടെ വെര്‍ച്വല്‍ സ്റ്റോര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ബെന്‍സിന്റെ എല്ലാ മോഡലുകളും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. നേരത്തെ ബെന്‍സിന്റെ ഓണ്‍ലൈന്‍ ഷോപ്പില്‍ യൂസ്ഡ് കാറുകള്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇനി മുതല്‍ പുതിയ കാറുകളും വാങ്ങാം.

നേരത്തെ കാറിന്റെ പ്രത്യേകതകളും മറ്റും ഉപഭോക്താവിന് പറഞ്ഞുമനസിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തമായിരുന്നു പ്രധാനമായും റീറ്റെയ്ല്‍ ഷോപ്പിലെ സെയ്ല്‍സ് ജീവനക്കാര്‍ക്കുള്ളത്. എന്നാലിന്ന് ഷോറൂം ജീവനക്കാരേക്കാള്‍ കൂടുതല്‍ നന്നായി കാര്യങ്ങള്‍ മനസിലാക്കിയിട്ട് വരുന്ന ഉപഭോക്താക്കളാണ് കൂടുതലും. ഏത് മോഡലാണ് വാങ്ങേണ്ടതെന്ന് കൃത്യമായി വിശകലനം ചെയ്ത് മനസിലുറപ്പിച്ചിട്ട് വരുന്ന ഉപഭോക്താവിനെ കൂടുതലായി ബോധവല്‍ക്കരിക്കേണ്ട ആവശ്യം വരുന്നില്ല. ഷോപ്പിലേക്ക് വരേണ്ടതിന്റെ കാര്യം തന്നെയില്ല. അതുതന്നെയാണ് ഓണ്‍ലൈന്‍ വില്‍പ്പനയുടെ പ്രസക്തി കൂട്ടുന്നതും.

ഇതിനായി 'Merc from home' എന്ന പരസ്യകാംപെയ്ന് തുടക്കം കുറിച്ചിരിക്കുകയാണ്കമ്പനി. മെയ് നാലിന് ശേഷമാണ് എല്ലാ സേവനങ്ങളും തുടങ്ങുന്നത്.

കാറിന്റെ ചെറുതും വലുതമായ എല്ലാ വിശദാംശങ്ങളും ഈ ഓണ്‍ലൈന്‍ ഷോപ്പില്‍ ലഭ്യമാണ്. ഡിജിറ്റല്‍ റീറ്റെയ്ല്‍ രംഗത്തെ പ്രമുഖരായ റോഡ്സ്റ്റര്‍.കോം ആണ് മെഴ്സിഡീസ് ബെന്‍സിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതുപോലെ കാര്‍ വാങ്ങലും എളുപ്പമായ സ്ഥിതിക്ക് 2025ഓടെ മൊത്തം വില്‍പ്പനയുടെ 25 ശതമാനവും ഓണ്‍ലൈന്‍ വഴി ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വരും നാളുകളില്‍ കൂടുതല്‍ വാഹനനിര്‍മാതാക്കള്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് കടന്നേക്കും.

Author

Related Articles