News

കള്ളന്മാര്‍ക്ക് പണപ്പെട്ടി വേണ്ട,സവാള മതി; കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു

വിലകുതിപ്പ് തുടരുമ്പോള്‍ രാജ്യത്ത് സവാള കൊള്ളയും തുടരുന്നു. കഴിഞ്ഞ ദിവസം നാസികില്‍ നിന്ന് സവാള ട്രക്ക് കൊള്ളയടിക്കപ്പെട്ടതിന് പിന്നാലെ കടകുത്തിത്തുറന്നുള്ള  സവാള മോഷണവും പതിവാകുകയാണ്. പശ്ചിമബംഗാളിലും സൂററ്റിലുമാണ് സവാള മോഷണം നടന്നിരിക്കുന്നത്. സൂററ്റ് സിറ്റിക്ക് സമീപം പളന്‍പൂര്‍ പാട്ടിയ മേഖലയിലെ കടയില്‍ സവാളകള്‍ മോഷ്ടിക്കപ്പെട്ടു. സഞ്ജു പ്രജാപതിയുടെ കട രാത്രി കുത്തിത്തുറന്ന മോഷ്ടാക്കള്‍ അമ്പത് കിലോ വീതമുള്ള സവാളച്ചാക്കുകള്‍ അഞ്ചെണ്ണമാണ് കടത്തിക്കൊണ്ടുപോയത്. വെള്ളുള്ളിയും ഉരുളക്കിഴങ്ങും സവാളയും മാത്രം വില്‍ക്കുന്ന കടയാണിത്. രാത്രി കട അടച്ച് പോയശേഷമാണ് മോഷണം നടന്നിരിക്കുന്നത്. പ്രജാപതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റൊരു സംഭവം നടന്നത് പശ്ചിമബംഗാളിലാണ്.

 പശ്ചിമബംഗാളിലെ കിഴക്കന്‍ മേദിനിപ്പൂര്‍ ജില്ലയിലെ സുതാഹതയിലാണ് കട കുത്തിത്തുറന്ന് മോഷ്ടാക്കള്‍ സവാള ചാക്കുകള്‍ മോഷ്ടിച്ചത്. അതേസമയം കടയിലുണ്ടായിരുന്ന പണപ്പെട്ടി കള്ളന്മാര്‍ തൊട്ടുനോക്കിയില്ല. മേദിനിപ്പൂര്‍ ജില്ലയിലെ അക്ഷയ്ദാസിന്റെ കടയിലാണ് മോഷണം നടന്നത്. അരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് അക്ഷയ്ദാസ് പറഞ്ഞു.മഹാരാഷ്ട്രയില്‍ നിന്ന് യുപിയിലേക്ക് കയറ്റി അയച്ച നാല്‍പത് ടണ്‍ സവാള കൊള്ളയടിക്കപ്പെട്ടു. നാസികില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് കയറ്റിയയച്ച സവാളയ്ക്ക് നിലവിലെ വില അനുസരിച്ച് 22 ലക്ഷം രൂപ വിലയാണ് മൂല്യം. നവംബര്‍ 11ന് നാസികില്‍ നിന്ന് പുറപ്പെട്ട സവാള ട്രക്ക് നവംബര്‍ 22നാണ് യുപിയിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ചരക്ക് വാഹനം സമയത്തിന് എത്താതിരുന്നതില്‍ സംശയം തോന്നിയ മൊത്തക്കച്ചവടക്കാരന്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയില്‍ തെണ്ഡു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ഒഴിഞ്ഞ ട്രക്ക് കണ്ടെത്തുകയായിരുന്നു. ഈ വന്‍ മോഷണത്തിന് പിന്നാലെ കടകളില്‍ സവാള മോഷണക്കേസും റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ പറയുന്്നു. വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സവാളയ്ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍.

Author

Related Articles