
കൊച്ചി: ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളും സമ്പത്ത് സൃഷ്ടിപ്പിനുള്ള മാർഗനിർദേശങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതിന് ധനമന്ത്രാലയം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. എറണാകുളം പള്ളിമുക്ക് കേരള ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പരിപാടി. ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പ് (ദീപം) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ദീപം വെബ്സൈറ്റിലെ https://dipam.gov.in/capitalMarketConfRgstrtn ഈ ലിങ്ക് വഴി പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ധനമന്ത്രാലം സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ് കോൺഫറൻസ്' എന്ന പേരിലുള്ള ഈ സമ്മേളനം രാജ്യത്തുടനീളം 75 നഗരങ്ങളിൽ വെള്ളിയാഴ്ച ഒരേസമയം നടക്കും. ധനമന്ത്രി നിർമല സീതാരാമൻ ഓൺലൈനായി ഉൽഘാടനം ചെയ്യും. മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിക്കാം എന്ന വിഷയത്തിൽ ഓഹരി വിപണിയുടെ നിക്ഷേപ സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനുമാണ് സമ്മേളനം. ഇന്ത്യയിലെ ഓഹരി വിപണി, നിക്ഷേപകർ ഓഹരി വിപണിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓഹരികളുടെ വിൽപ്പനയും കൈമാറ്റവും, വിപണി ധാർമികത തുടങ്ങി വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകളെടുക്കും.
ദീപം ഡയറക്ടർ ഡോ. റോസ് മേരി കെ അബ്രഹാം, കലക്ടർ ജാഫർ മാലിക്, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് ചെയർമാൻ ഡോ. ധനുരാജ്, ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്രജിസ്റ്റ് ഡോ. വി കെ വിജയകുമാർ, കുസാറ്റ് പ്രൊഫസർ ഡോ. സന്തോഷ് കുമാർ, സെബി സെക്യൂരിറ്റീസ് മാർക്കറ്റ് ട്രെയ്‌നറും വടക്കാഞ്ചേരി ശ്രീ വ്യാസ എൻഎസ്എസ് കോളെജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സനേഷ് സി, വനിതാ നിക്ഷേപക ശ്യാമ കനകചന്ദ്രൻ, ബിഎസ്ഇ ബിസിനസ് ഡവലപ്‌മെന്റ് മാനേജർ ലിയോ പീറ്റർ, എൻഎസ്ഇ ഡെപ്യൂട്ടി മാനേജറും കേരള മേധാവിയുമായ അനന്ദു ഷാജി തുടങ്ങി ബാങ്കിങ്, ഓഹരി നിക്ഷേപ രംഗത്തെ പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.