News

സര്‍ക്കാര്‍, സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: കോവിഡ് -19 മഹാമാരിയ്‌ക്കെതിരെ പോരാടാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത് കേന്ദ്രം നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം 100 ശതമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട മേധാവികളെ ചുമതലപ്പെടുത്തി. കോവിഡ് -19 രോഗികളുള്ള സോണുകളില്‍ താമസിക്കുന്നവര്‍ക്ക് മൊബൈല്‍ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്വകാര്യ, പൊതു മേഖല ജീവനക്കാര്‍ക്ക് ആരോഗ്യ സേതു ആപ്ലിക്കേഷന്റെ ഉപയോഗം നിര്‍ബന്ധമാക്കും. ജീവനക്കാര്‍ക്കിടയില്‍ ഈ ആപ്ലിക്കേഷന്‍ 100 ശതമാനവും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതത് സ്ഥാപന മേധാവികളുടെ ഉത്തരവാദിത്തമായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു. മെയ് 4 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.

കോവിഡ് -19 അണുബാധയ്ക്ക് സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപഭോക്താക്കളെ സഹായിക്കും. കൊറോണ വൈറസ് അണുബാധ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും അതിന്റെ ലക്ഷണങ്ങളും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ആപ്പ് വഴി ആളുകള്‍ക്ക് അറിയാനാകും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ച ഏഴ് നിര്‍ദ്ദേശങ്ങളിലും ജനങ്ങള്‍ ആരോഗ്യ സേതു മൊബൈല്‍ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ ഇ-പാസ് ആയി ആരോഗ്യ സേതു ആപ് ഉപയോഗിക്കാം. കോവിഡ് -19 നെതിരെ പോരാടാന്‍ ട്രാക്കിങ് ആപ്ലിക്കേഷന്‍ ഒരു അവശ്യ ഉപകരണമാണെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 'ആരോഗ്യ സേതു' ട്രാക്കിങ് ആപ്ലിക്കേഷന്‍ ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാന്‍ സഹായിക്കുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്യും. ഈ ആപ്പിലൂടെ ഉപയോക്താവ് ഒരു കോവിഡ് -19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാനും സാധിക്കും.

Author

Related Articles