News

ആറ് മാസത്തിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു; തീരുമാനം അണ്‍ലോക്ക് 4ന്റെ ഭാഗമായി

ലഖ്‌നൗ: നീണ്ട ആറ് മാസത്തിന് ശേഷം ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. സെപ്റ്റംബര്‍ 21 മുതലാണ് താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്നത്. അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് തീരുമാനം. താജ്മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കൂ.

ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍ , മാസ്‌ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു താജ്മഹല്‍ അടച്ചത്. അതോടുകൂടി ഹോട്ടല്‍ മേഖലയും നഷ്ടത്തിലായി.

ലോക്ക്ഡൗണ്‍ കാരണം ബഫര്‍ സോണിന്റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നാലെ സെപ്റ്റംബര്‍ 21ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. താജ്മഹല്‍ തുറക്കുന്നതോടെ ടൂറിസം മേഖലയെ പഴയ രീതിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Author

Related Articles