News

മദ്യ വിതരണ ബിസിനസിന്റെ സാധ്യത മുതലാക്കാന്‍ ആമസോണും ബിഗ് ബാസ്‌കറ്റും; ബംഗാളില്‍ മദ്യം എത്തിക്കുന്നതിനുള്ള അനുമതി നേടി

ഇന്ത്യയിലെ മദ്യ വിതരണ ബിസിനസിന്റെ വലിയ സാധ്യത മുതലാക്കാന്‍ ആമസോണും ബിഗ് ബാസ്‌കറ്റും രംഗത്ത്. ഈ രണ്ട് ഇ കോമേഴ്സ്  കമ്പനികളും പശ്ചിമ ബംഗാളില്‍ മദ്യം എത്തിക്കുന്നതിനുള്ള അനുമതി നേടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റീട്ടെയില്‍ മദ്യ വ്യാപാരം ഓണ്‍ലൈന്‍ ആയി നടത്താനുള്ള അംഗീകൃത ഏജന്‍സിയായ  ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തുടനീളം മദ്യം എത്തിക്കാന്‍ 'യോഗ്യരായ കമ്പനികളില്‍' ആമസോണിനെ ഉള്‍പ്പെടുത്തിയതായുള്ള ഔദ്യോഗിക രേഖയും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍  ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ ക്ഷണിച്ചു.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ മദ്യവിപണിയായ ഇന്ത്യയിലേക്കുള്ള ആമസോണിന്റെ ആദ്യ കടന്നുകയറ്റമാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിഗ്ഗിയും സൊമാറ്റോയും ഇതിനകം തന്നെ മദ്യ വിതരണ സേവന രംഗത്തുണ്ട്. ഭക്ഷ്യ വിതരണ, ഇ-കൊമേഴ്‌സ് കമ്പനികള്‍  ഇന്ത്യയുടെ 35 ബില്യണ്‍ ഡോളര്‍ മദ്യ വിപണിയില്‍ വളര്‍ച്ചയുടെ പുതിയ വഴികളാണ് കണ്ടെത്തിവരുന്നത്.

ഭക്ഷണ വിതരണ സേവന സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി ഒരു മാസമായി ബംഗാളില്‍ മദ്യ വിതരണ രംഗത്തുണ്ട്. ഇതിനായി പ്രത്യേകം വൈന്‍ ഷോപ്പ്‌സ് വിഭാഗം സ്വിഗ്ഗി ആപ്പില്‍ ആരംഭിച്ചു. നേരത്തെ ജാര്‍ഖണ്ഡിലും ഒഡീഷയിലും സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് 24 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നു സ്വിഗ്ഗി വ്യക്തമാക്കി.

പ്രധാനപ്പെട്ട നഗരങ്ങളിലെ അംഗീകൃത റീട്ടെയില്‍ വിതരണക്കാരുമായി സഹകരിച്ചാണ് സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചത്. ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്നതിന് റീട്ടെയില്‍ ഷോപ്പുകള്‍ക്ക് പ്രത്യേകം പാര്‍ട്ടനര്‍ ആപ്പുകള്‍ നല്‍കുന്നു. സ്വിഗ്ഗി വഴി മദ്യം വാങ്ങുന്നവര്‍ വയസ് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഐഡി, സെല്‍ഫി ചിത്രം എന്നിവ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം.

Author

Related Articles