News

അംബാനി വൈദ്യുതി വില്‍ക്കുന്നു!; കടം വീട്ടാന്‍ വൈദ്യുതി വിതരണ ബിസിനസുകള്‍ വില്‍ക്കാന്‍ ഒരുങ്ങി അനില്‍ അംബാനി

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഡല്‍ഹി വൈദ്യുതി വിതരണ ബിസിനസുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് വാങ്ങുന്നതിന് കെയ്സ് ഡി ഡെപാറ്റ് എറ്റ് പ്ലേസ്‌മെന്റ് ഡു ക്യുബെക്ക് (സിഡിപിക്യു), ആക്റ്റിസ് എല്‍എല്‍പി, ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റ് എന്നിവയുള്‍പ്പെടെ എട്ട് നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ഗ്രീന്‍കോ എനര്‍ജി ഹോള്‍ഡിംഗ്‌സ്, എനെല്‍ ഗ്രൂപ്പ്, ഐ സ്‌ക്വയര്‍ ക്യാപിറ്റല്‍, ടോറന്റ് പവര്‍, വേഡ് ക്യാപിറ്റല്‍ ഗ്രൂപ്പ് എല്‍എല്‍സി എന്നിവയാണ് മറ്റ് നിക്ഷേപകര്‍.

ബിഎസ്ഇഎസ് രാജധാനി പവര്‍ ലിമിറ്റഡ് (ബിആര്‍പിഎല്‍), ബിഎസ്ഇഎസ് യമുന പവര്‍ ലിമിറ്റഡ് (ബിവൈപിഎല്‍) എന്നിവയില്‍ 51 ശതമാനം ഓഹരി വാങ്ങുന്നതിനായി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കെപിഎംജിയെ നിയമിച്ചിട്ടുണ്ട്. രണ്ട് വൈദ്യുതി വിതരണം ബിസിനസുകളും ദേശീയ തലസ്ഥാനത്ത് ഏകദേശം 4.4 ദശലക്ഷം ഉപഭോക്താക്കളെ പരിപാലിക്കുന്നുണ്ട്. 2018 ഓഗസ്റ്റില്‍ മുംബൈ നഗര വൈദ്യുതി വിതരണ ബിസിനസ്സ് അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന് 18,800 കോടി രൂപയ്ക്ക് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിറ്റിരുന്നു.

കടം വീട്ടുന്നതിനായാണ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡല്‍ഹിയിലെ വൈദ്യുതി വിതരണ ബിസിനസുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വക്താക്കള്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിഡിപിക്യു, ആക്റ്റിസ് എല്‍എല്‍പി, ബ്രൂക്ക്ഫീല്‍ഡ്, ഗ്രീന്‍കോ എനര്‍ജി ഹോള്‍ഡിംഗ്‌സ്, ഐ സ്‌ക്വയര്‍ ക്യാപിറ്റല്‍, ടോറന്റ് പവര്‍ എന്നീ കമ്പനികളും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മെയ് എട്ടിന് മാര്‍ച്ച് പാദ വരുമാനം പ്രഖ്യാപിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കടം പൂജ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു.

Author

Related Articles