News

കോവിഡ് ചികിത്സ മരുന്നിന് അമ്പരപ്പിക്കുന്ന വിപണി മൂല്യം; വിറ്റുവരവ് 352 കോടി രൂപ

തിരുവനന്തപുരം: ഗ്ലെന്‍മാര്‍ക്ക് കമ്പനിയുടെ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്ളൂ എന്ന ബ്രാന്‍ഡ് വിപണി മൂല്യം കൊണ്ട് ആരോഗ്യമേഖലയെ അമ്പരപ്പിക്കുന്നു. ഇന്‍ഫ്‌ളുവന്‍സയെന്ന പകര്‍ച്ചപ്പനിക്കെതിരേയുള്ള ജാപ്പനീസ് മരുന്നാണ് ഫാവിപിരാവിര്‍. കടുത്ത വൈറസ് ബാധയ്‌ക്കെതിരേ ഉപയോഗിക്കാവുന്ന മരുന്ന് ഇടത്തരം കോവിഡ് ബാധിതര്‍ക്കും നല്‍കാനുള്ള അനുമതി കഴിഞ്ഞ ജൂണിലാണ് ഇന്ത്യയില്‍ നല്‍കിയത്.

മുപ്പതിലധികം കമ്പനികള്‍ മരുന്നിന്റെ ജനറിക് പതിപ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഇതില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലെ ഔഷധമൊത്തവ്യാപാരി സംഘടനയുടെ കണക്കുകള്‍ പ്രകാരം 351.9 കോടി രൂപയുടെ ഫാബിഫ്ളൂ മരുന്നാണ് വിറ്റുപോയത്. ഏറ്റവും കൂടുതല്‍ വിപണിവിഹിതമുണ്ടായിരുന്ന സിന്‍കോവിറ്റിനെയാണ് 90 ലക്ഷം രൂപ കൂടുതല്‍ നേടി മറികടന്നത്.

അതേമാസം ഇന്ത്യയിലെ മൊത്തം മരുന്നുകളുടെ വില്‍പ്പന 15,665 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. അതായത് പതിനായിരക്കണക്കിന് ബ്രാന്‍ഡുകളുള്ള ഔഷധവിപണിയുടെ മൊത്തം വിറ്റുവരവിന്റെ രണ്ടുശതമാനവും ഫാബിഫ്ളൂവെന്ന കോവിഡ് മരുന്ന് നേടി. തൊട്ടുമുന്‍പത്തെ മാര്‍ച്ചുമാസത്തില്‍ വെറും 48.3 കോടിയുടെ വിറ്റുവരവായിരുന്നു.

ഗുരുതരരോഗികള്‍ക്കുള്ള കുത്തിവെപ്പുമരുന്നുകളായ റെംഡെസിവിറിന്റെയും ടോസിലിസുമാബിന്റെയും ഉപയോഗം ആശുപത്രികളിലായി നിജപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ പരിചരിക്കേണ്ടിവരുന്ന രോഗികള്‍ക്കാണ് ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകള്‍ കൊടുക്കുന്നത്. എന്നാല്‍, വിദേശരാജ്യങ്ങളിലെപ്പോലെയുള്ള പ്രയോജനം കോവിഡ് ചികിത്സയില്‍ ഇവയ്ക്ക് ഇന്ത്യയിലുണ്ടാക്കാന്‍ കഴിഞ്ഞോയെന്ന സംശയവും വിദഗ്ധര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഏറെക്കാലമായി വിപണിയില്‍ ലഭ്യമായ മരുന്നുകളാണെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.

Author

Related Articles