News

ആപ്പിളിന്റെ ഒന്നാം പാദ വരുമാനത്തില്‍ ഉയര്‍ച്ച; കൊറോണയില്‍ തളരാതെ വിപണി

ആഗോള മാന്ദ്യവും മറ്റ് പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും, ടെക്‌നോളജി ഭീമനായ ആപ്പിള്‍ ശക്തമായ ഒന്നാം പാദ വരുമാനം റിപ്പോര്‍ട്ട് ചെയ്തു. 59.7 ബില്യണ്‍ ഡോളര്‍ വരുമാനവും ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ഇരട്ട അക്ക വളര്‍ച്ചയുമാണ് ആപ്പിള്‍ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രധാന ഉല്‍പന്നങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാന വര്‍ദ്ധനവ് കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

ആപ്പിളിന്റെ ഐഫോണുകളില്‍ നിന്നുള്ള വരുമാനം 26.42 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ പാദത്തേക്കാള്‍ 2% വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ അവസാനിച്ച പാദത്തില്‍ കമ്പനി മാന്ദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. എന്നാല്‍ ശക്തമായ ഐഫോണ്‍ എസ്ഇ ലോഞ്ചും ഡിമാന്‍ഡിലെ വളര്‍ച്ചയും കമ്പനിയുടെ പ്രതീക്ഷകളെ മറികടക്കാന്‍ സഹായിച്ചു.

ഐപാഡുകളില്‍ നിന്ന് 6.58 ബില്യണ്‍ ഡോളറും മാക്‌സില്‍ നിന്ന് 7.08 ബില്യണ്‍ ഡോളറും വരുമാനം കമ്പനി റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള റീട്ടെയില്‍ ഷട്ട്‌ഡൌണ്‍ കാരണം പരസ്യത്തില്‍ നിന്നും ആപ്പിള്‍ കെയറില്‍ നിന്നും വരുമാനം മന്ദഗതിയിലായതായി കുക്ക് പറഞ്ഞു. മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം 6.45 ബില്യണ്‍ ഡോളറാണ്.

കമ്പനി എല്ലാ മേഖലകളിലും വളര്‍ന്നു, ജൂണ്‍ പാദത്തില്‍ റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തി. ഏപ്രില്‍ ആദ്യ മൂന്ന് ആഴ്ചകളിലാണ് കൊവിഡ് -19 ഏറ്റവും സ്വാധീനം ചെലുത്തിയതെന്നും എന്നാല്‍ മെയ് മുതല്‍ ആപ്പിളിന് നല്ല ഡിമാന്‍ഡുണ്ടെന്നും ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലൂക്ക മേസ്ട്രി പറഞ്ഞു. ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോക്താക്കള്‍ സാധാരണയായി കാത്തിരിക്കുന്നതിനാല്‍ ഈ പാദം സാധാരണയായി ആപ്പിളിനെ സംബന്ധിച്ചിടത്തോളം മന്ദഗതിയിലായിരിക്കും.

ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി + എന്നിവയും അതില്‍ കൂടുതലും ഉള്‍പ്പെടുന്ന ആപ്പിളിന്റെ സേവന ബിസിനസ്സില്‍ നിന്നുള്ള വരുമാനം 13.16 ബില്യണ്‍ ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14.85 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

Author

Related Articles