News

അടല്‍ പെന്‍ഷന്‍ യോജനയില്‍ ഇനി ആര്‍ക്കും അംഗമാകാം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള അടല്‍ പെന്‍ഷന്‍ യോജനയില്‍ (എപിവൈ) ഇനി ആര്‍ക്കും അനായാസം അംഗമാകാം. ആധാര്‍ വിവരങ്ങള്‍ പങ്ക് വെച്ച് ഇ-കെ വൈ സി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ബാങ്ക് ശാഖകളെയോ മറ്റ് ഏജന്‍സികളെയോ സമീപിക്കാതെതന്നെ ആര്‍ക്കുവേണമെങ്കിലും പെന്‍ഷന്‍ പദ്ധതിയിലേക്ക് തങ്ങളുടെ അക്കൗണ്ടിനെ ബന്ധിപ്പിക്കാം.

സിആര്‍എ അഥവാ സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സിയാണ് എക്സ് എം എല്‍ സംവിധാനം ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ആധാര്‍ വിവരങ്ങള്‍ ഇ-കെവൈസിയിലേക്ക് ചേര്‍ക്കപ്പെടും. പെന്‍ഷന്‍ ഫണ്ട് ആക്റ്റീവ് ആകുകയും ചെയ്യും. റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സിയുമായി ആധാര്‍ വിവരങ്ങള്‍ പങ്കിടുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

നിശ്ചിത തുക പെന്‍ഷന്‍ ഫണ്ടിലേക്ക് കൃത്യമായി ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(പിഎഫ്ആര്‍ഡിഎ)യാണ് ഒക്ടോബര്‍ അവസാനം പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇക്കാര്യം അറിയിച്ചത്. പ്രതിമാസ തുകയും കാലയളവും അുസരിച്ച് 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ നല്‍കുന്നതിനാണ് ഈ സാമൂഹിക സുരക്ഷാ പദ്ധതി ആരംഭിച്ചത്.

18-40 വയസ് പ്രായമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഈ പദ്ധതി ലഭ്യമാണ്. നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. പിഎഫ്ഐര്‍ഡിഎ വെബ്‌സൈറ്റ് അനുസരിച്ച്, 'കേന്ദ്ര ഗവണ്‍മെന്റ് മൊത്തം സംഭാവനയുടെ 50 ശതമാനം അല്ലെങ്കില്‍ പ്രതിവര്‍ഷം 1,000 രൂപ, ഏതാണോ കുറവ്, അത് യോഗ്യരായ വരിക്കാരുടെ അക്കൗണ്ടിലേക്ക് സംഭാവന നല്‍കും.'

Author

Related Articles