News

പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ തുക നല്‍കണം

നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക് ഇന്നു മുതല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കണം. ഓരോ ബാങ്കും ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുള്ള അനുവദനീയമായ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടുകള്‍ക്കും 21 രൂപ വീതം ഈടാക്കാമെന്ന് റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യ കഴിഞ്ഞ ജൂണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പണം പിന്‍വലിക്കുന്നതിന് മാത്രമല്ല, എടിഎം പിന്‍ മാറ്റല്‍, ബാലന്‍സ് അറിയല്‍ തുടങ്ങിയവും ഇടപാടുകളായി തന്നെയാണ് കണക്കാക്കുക. മെട്രോ നഗരങ്ങളില്‍ സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ചും ഇതര ബാങ്ക് എടിഎമ്മുകളില്‍ മൂന്നും സൗജന്യ ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ ഏത് എടിഎമ്മുകളിലും അഞ്ച് സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്.

പുതിയ എടിഎം സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ഉള്ള ചെലവുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. അതേസമയം രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് വ്യാപകമായതോടെ എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്.

Author

Related Articles