News

മഴമാറിയതിനൊപ്പം സര്‍ക്കാരിന്റെ പിന്തുണയും വാഹന വിപണിയ്ക്ക് ഉണര്‍വാകുമോ? വാഹന നിര്‍മ്മാതാക്കളുടെ ഓഹരികള്‍ മുകളിലേക്ക് തന്നെ; മികച്ച സൂചനയുമായി മാരുതിയും ഹീറോ മോട്ടോര്‍കോര്‍പ്പും

മുംബൈ: രാജ്യത്തെ വാഹന വിപണി ഏറ്റവും വലിയ തകര്‍ച്ചയില്‍ നില്‍ക്കുന്ന വേളയിലാണ് നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുമായി ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് പകുതി വരെയുള്ള കണക്ക് നോക്കിയാല്‍ നിഫ്റ്റി ഓട്ടോ ഇന്‍ഡക്‌സ് 1.57 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ലിമിറ്റഡിനും ഇരുചക്ര വാഹ രംഗത്തെ വലിയ കമ്പനിയായ ഹീറോ മോട്ടോര്‍ കോര്‍പ്പിനുമാണ് വന്‍ നേട്ടം ലഭിച്ചിരിക്കുന്നത്.

സാമ്പത്തിക അനിശ്ചിതത്വവും ക്ഷയിച്ചു നിന്ന ഓഹരി വിപണിയും അടക്കമുള്ളവയാണ് രാജ്യത്തെ വാഹന വിപണിയെ പിന്നോട്ടടിച്ചത്. ഇതിനിടെ രൂപയുടെ മൂല്യത്തിന് 3.7 ശതമാനം ഇടിവുണ്ടായതും ആശങ്ക വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കായിരുന്നു വാഹന വിപണി നീങ്ങിയിരുന്നത്. ജൂലൈയില്‍ മാത്രം പാസഞ്ചര്‍  വാഹനങ്ങളുടെ വിപണിയില്‍ 31 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ആശങ്കകളും ഉയരുകയാണ്.

സാമ്പത്തിക രംഗം നേരിടുന്ന മാന്ദ്യവും വാഹനങ്ങളുടെ വിലയിലുണ്ടായ വര്‍ധനയും ഇവ വാങ്ങാനുള്ള ഫിനാന്‍സ് സേവനങ്ങളില്‍ വന്ന ഇടിവുമാണ് വിപണിയ്ക്ക് തിരിച്ചടിയായത്. മാത്രമല്ല ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണങ്ങളും ലഭിക്കുന്നില്ല. കൊമേഴ്സ്യല്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് വിപണിയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്.

വാഹന വിപണിയ്ക്ക് ഉണര്‍വേകാന്‍ ജിഎസ്ടി നിരക്ക് കുറയ്ക്കണം എന്നത് മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റ് നികുതികളിലും ഇളവ് ഏര്‍പ്പെടുത്തണമെന്ന് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2019ന്റെ ആദ്യ ഏഴ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണി 13.2 ശതമാനം ഇടിഞ്ഞ് 1.76 മില്യണ്‍ യൂണിറ്റുകള്‍ മാാത്രം വിറ്റു പോകുന്ന നിലയിലേക്ക് വന്നിരുന്നു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സാണ് ഈ കണക്ക് പുറത്ത് വിട്ടത്.ജൂലൈയില്‍ വാഹന വിപണി വന്‍ തിരിച്ചടിയാണ് നേരിട്ടതെന്നും വില്‍പന 31  ശതമാനം ഇടിഞ്ഞിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

Author

Related Articles