News

വ്യോമയാന ഇന്ധനത്തിന് 14 ശതമാനം വില കുറയും; കാരണം കൊറോണ വൈറസ് പകര്‍ച്ചാവ്യാധിയില്‍ എയര്‍സര്‍വീസുകള്‍ക്കുണ്ടായ ഇടിവ്; ഇന്ധനവിലക്കുറവ് വ്യോമയാന മേഖലയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് പ്രതീക്ഷ

ന്യൂഡല്‍ഹി: വ്യോമയാന ഇന്ധനത്തിന് (എടിഎഫ്) മാര്‍ച്ച് 21 മുതല്‍ 14 ശതമാനം വില കുറയും. മാര്‍ച്ച് ഒന്ന് വരെ ഒരു കിലോ ലിറ്റര്‍ വ്യോമയാന ഇന്ധനത്തിന് ഡല്‍ഹിയില്‍ 56,859.01 രൂപയും മുംബൈയില്‍ 56,400.74 രൂപയുമായിരുന്നു. അതുപോലെ, ചെന്നൈയില്‍ ഒരു കിലോലിറ്റര്‍ എടിഎഫിന്റെ വില 58,875.63 രൂപയും കൊല്‍ക്കത്തയില്‍ 62,160.48 രൂപയുമായിരുന്നു. മാര്‍ച്ച് 21 മുതല്‍ ഈ വിലയില്‍ ഏകദേശം 14 ശതമാനം കുറവ് വരും.

പരമ്പരാഗതമായി, എടിഎഫിന്റെ വില എല്ലാ മാസത്തിന്റേയും ആദ്യത്തില്‍ പരിഷ്‌കരിക്കും. എന്നാല്‍ ക്രൂഡ് ഓയിലിന്റെ ആഗോള വിലയിലുണ്ടായ ഇടിവില്‍ നിന്ന് പ്രയോജനം ലഭിക്കുന്നതിനായി ഓരോ ആഴ്ചയും വില പരിഷ്‌കരിക്കണമെന്ന് വിമാനക്കമ്പനികള്‍ സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിക്കുകയാണ്. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ചെലവുകളുടെ പട്ടികയില്‍ ഏറ്റവും ഭീമമായ തുക ചെലവഴിക്കുന്നത് എടിഎഫില്‍ വിഭാഗത്തിലാണെന്ന് കാണാം. ഇത് മൊത്തം ചെലവിന്റെ 35-40 ശതമാനം വരും.  

കൊറോണ വൈറസ് പകര്‍ച്ചാവ്യാധി കാരണം വിമാനക്കമ്പനികള്‍ക്ക് കനത്ത നഷ്ടം നേരിട്ടിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു. തുടരുന്ന സര്‍വീസുകളില്‍ യാത്രാക്കാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വളരെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ വരെ യാത്ര ഒഴിവാക്കി നിരീക്ഷണത്തില്‍ കഴിയുകയോ സാമൂഹ്യ അകലം പാലിച്ച് വീട്ടില്‍ കഴിയുകയോ ചെയുന്ന അവസ്ഥയാണുള്ളത്. വ്യോമയാന മേഖലയാകെ വലിയ തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. പല കമ്പനികളും ഇതിനോടകം തന്നെ തങ്ങളുടെ ലാഭവിഹിതത്തിലുണ്ടായിരിക്കുന്ന ഇടിവിന്റെ കണക്കുകള്‍ പുറത്ത് വിട്ട് കഴിഞ്ഞു. 

ദുര്‍ബലമായ ഈ മേഖലയ്ക്ക് നിലവിലെ നീക്കം കുറച്ച് ആശ്വാസം നല്‍കും. യാത്രാ നിയന്ത്രണങ്ങള്‍ക്ക് പുറമേ വിസ പ്രതിസന്ധികളും ഈ മേഖലയ്ക്ക് മേല്‍ കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പല എയര്‍ലൈന്‍സും വെട്ടിക്കുറച്ച ഷെഡ്യൂളുരളിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് 20 ന് ബജറ്റ് കാരിയറായ ഇന്‍ഡിഗോ തങ്ങളുടെ ആഭ്യന്തര ശൃംഖല 25 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് നിയന്ത്രണവിധോയമാകാത്ത സാഹചര്യത്തില്‍ യാത്രാവിലക്കുകള്‍ എന്ന് വരെ തുടരും എന്ന് പറയാന്‍ കഴിയില്ല. അതുണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധിയ്ക്ക് നേരിയ അളവിലെങ്കിലും ആശ്വാസം കണ്ടെത്താന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Author

Related Articles