News

കോവിഡിന് ഫാവിപിരാവിര്‍ പരിഹാരം; മരുന്ന് നിര്‍മ്മിക്കാന്‍ സ്ട്രൈഡ്സ് ഫാര്‍മയ്ക്ക് അനുമതി

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയ ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ നിര്‍മിക്കാന്‍ സ്ട്രൈഡ്സ് ഫാര്‍മയ്ക്ക് അനുമതി. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്നു നിര്‍മാണ കമ്പനിയായ സ്ട്രൈഡ്സ് ഫാര്‍മ നിര്‍മിച്ചുവരുന്ന മരുന്ന് ജിസിസിയിലുള്‍പ്പെട്ട മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ജിസിസിയില്‍ ഉള്‍പ്പെട്ട ഏതൊക്കെ രാജ്യങ്ങളിലേയ്ക്കാണ് മരുന്ന് അയയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19ന്റെ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിച്ചുവരുന്നുണ്ട്. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുന്നതിനും രാജ്യത്ത് ഉപയോഗിക്കുന്നതിനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി സ്ട്രൈഡ്സ് ഫാര്‍മ പറയുന്നു. ജപ്പാനിലെ ടയോമ കെമിക്കലാണ് ഫാവിപിരാവിര്‍ ആദ്യമായി വികസിപ്പിച്ചത്. ജലദോഷപ്പനിക്കുവേണ്ടി ഉപയോഗിച്ചുവരുന്ന മരുന്ന് കഴിഞ്ഞവര്‍ഷം ജനറിക് വിഭാഗത്തിലേയ്ക്ക് മാറിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് സ്ട്രൈഡ്സ് ഫാര്‍മ സയന്‍സിന്റെ ഓഹരി വില 15 ശതമാനം കുതിച്ച് 432 രൂപയായി.

Author

Related Articles