News

കേരളത്തില്‍ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര; മൂന്നാം പാദത്തില്‍ 154 കോടി രൂപയുടെ അറ്റാദായം

തിരുവനന്തപുരം: കേരളത്തില്‍ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 2,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ശാഖകളുടെ എണ്ണം 30 ലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്. നിലവില്‍ കേരളത്തില്‍ ബാങ്കിന് 15 ശാഖകളാണുളളത്. ഇത് വരുന്ന ജൂണോടെ 30 ആയി ഉയര്‍ത്തും.

ഇതിന്റെ ഭാഗമായി സോണല്‍ ഓഫീസും ആരംഭിക്കും. നിലവിലുളള 600 കോടി രൂപയുടെ ബിസിനസ് ഇതോടെ 2,000 കോടിയിലേക്ക് ഉയര്‍ത്താനാകുമെന്നാണ് ബിഒഎം കണക്കാക്കുന്നത്. റീട്ടെയില്‍, എംഎസ്എംഇ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാകും വികസനം.

രാജ്യത്ത് ആകെ ശാഖകളുടെ എണ്ണം ഈ വര്‍ഷം മാര്‍ച്ചോടെ 2,000 ത്തിലെത്തിക്കാനാണ് ബാങ്കിന്റെ ആലോചന. ഡിസംബര്‍ 31 ന് അവസാനിച്ച് മൂന്നാം പാദത്തില്‍ ബാങ്ക് 154 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്റെ മൊത്തം ബിസിനസ് 2,66,875 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭം 902 കോടി രൂപയാണ്.

Author

Related Articles