News

ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചെങ്കിലും വായ്പ നല്‍കാന്‍ മടിക്കുന്നു

ബാങ്കുകളിലെ നിക്ഷേപ വര്‍ധന ഇരട്ടയക്കത്തിലെത്തിയെങ്കിലും രാജ്യത്തെ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മേയ് എട്ടിന് അവസാനിച്ച രണ്ടാഴ്ചയില്‍ വായ്പയിലുണ്ടായ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമാണെന്നാണ് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ റേറ്റിംഗ്സിന്റെ കണക്ക്. അതേസമയം ഡിപ്പോസിറ്റില്‍ 10.6 ശതമാനം വര്‍ധനയുണ്ടായി. കോവിഡ് വ്യാപകമായി തുടങ്ങിയ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാദന പാദം മുതല്‍ വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ പിന്നോക്കം പോയെന്നാണ് കെയര്‍ റേറ്റിംഗ് നടത്തിയ പഠനത്തില്‍ വെളിവായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13 ശതമാനം വായ്പാ വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോഴത് പകുതിയായി കുറഞ്ഞത്.

2019 ജൂണ്‍ വരെ ഡിപ്പോസിറ്റ് വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലായിരുന്നു വായ്പാ വളര്‍ച്ചാ നിരക്ക്. അതിനു ശേഷം തുടര്‍ച്ചയായി താഴേക്ക് പോകുകയായിരുന്നു. 2019 മാര്‍ച്ചില്‍ ഡിപ്പോസിറ്റ് വളര്‍ച്ചാ നിരക്ക് ഒരുശതമാനവും വായ്പാ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനവുമായിരുന്നു. ബാങ്കുകള്‍ വായ്പ നല്‍കുന്നത് കുറഞ്ഞതോടെ, ഇപ്പോള്‍ ഏകദേശം 5.45 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി സര്‍പ്ലസാണ് ബാങ്കിംഗ് മേഖലയിലുള്ളത്.

ഈ വര്‍ഷം മാര്‍ച്ച് 27 ന് ബാങ്കുകളിലെ നിക്ഷേപം 119.54 കോടി രൂപയായിരുന്നെങ്കില്‍ മേയ് എട്ടായപ്പോഴേക്ക് അത് 123.91 ലക്ഷം കോടി രൂപയായി. 4.37 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് നിക്ഷേപത്തിലുണ്ടായത്.
കൊറോണ വ്യാപനം നടക്കുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനിടയിലാണ് ഈ റിപ്പോര്‍ട്ട്.

Author

Related Articles