News

900 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കമ്പനിയില്‍ നിന്നും അവധിയെടുത്ത് ബെറ്റര്‍ ഡോട്ട് കോം സിഇഒ

വാഷിങ്ടണ്‍: ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ് കമ്പനിയില്‍ നിന്നും അവധിയെടുത്തു. ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് താന്‍ കമ്പനിയില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് ഗാര്‍ഗ് അറിയിച്ചത്. കഴിഞ്ഞയാഴ്ച സൂം മീറ്റിങ്ങിലൂടെ 900 പേരെ ഗാര്‍ഗ് ബെറ്റര്‍ ഡോട്ട് കോമില്‍ നിന്നും പിരിച്ചുവിട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ വിമര്‍ശനം ശക്തമായതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെവിന്‍ റയാനാണ് കമ്പനിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ബോര്‍ഡിന് മുമ്പാകെ കെവിന്‍ റയാന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. അതേസമയം, ഗാര്‍ഗിന്റെ അവധി സംബന്ധിച്ച റോയിട്ടേഴ്‌സ് ചോദ്യത്തോട് അടിയന്തരമായി പ്രതികരിക്കാന്‍ ബെറ്റര്‍ ഡോട്ട് കോം തയാറായിട്ടില്ല.

മോശം പ്രകടനം മൂലമാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്നായിരുന്നു വിശാല്‍ ഗാര്‍ഗിന്റെ വിശദീകരണം. 2016ലാണ് ബെറ്റര്‍ ഡോട്ട് കോമിന് തുടക്കം കുറിക്കുന്നത്. ഇന്‍ഷൂറന്‍സ്, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് പ്രധാനമായും ബെറ്റര്‍ ഡോട്ട് കോം പ്രവര്‍ത്തിക്കുന്നത്.

Author

Related Articles