News

ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമായി ബിറ്റ്‌കോയിന്‍; 160 ശതമാനം വരുമാനം ലഭിച്ച ക്രിപ്‌റ്റോകറന്‍സി

കൊവിഡ്-19 ആരംഭിച്ചതിന് ശേഷം ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമായി മാറി ബിറ്റ്‌കോയിന്‍. ഏപ്രില്‍ മുതല്‍ ഏകദേശം 160 ശതമാനം വരുമാനം ലഭിച്ച ക്രിപ്‌റ്റോകറന്‍സിയായി ബിറ്റ്‌കോയിന്‍ മാറി. ഓഹരികളില്‍ നിന്നും സ്വര്‍ണത്തില്‍ നിന്നുമുള്ള നേട്ടത്തെ മറികടന്നാണ് ബിറ്റ്‌കോയിന്‍ കുതിക്കുന്നത്. ക്രിപ്റ്റോകമ്പെയര്‍ ഡാറ്റ പ്രകാരം വ്യാഴാഴ്ച ബിറ്റ്‌കോയിന്‍ 16,000 ഡോളറിലെത്തി. നിലവിലെ സാമ്പത്തിക മാന്ദ്യകാലത്തും ക്രിപ്റ്റോകറന്‍സിയില്‍ വിശ്വസിക്കുന്ന നിരവധി നിക്ഷേപകരുണ്ട് എന്നതിന്റെ സൂചനയാണിത്.

കൊവിഡ് 19ന്റെ അനിശ്ചിതത്വവും, യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങളുമൊക്കെ നിക്ഷേപകരെ സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളിലേയ്ക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചു. യുഎസ് ഡോളറിനുപുറമേ പരമ്പരാഗത സുരക്ഷിത താവളമായ സ്വര്‍ണം ഈ വര്‍ഷം 30 ശതമാനം നേട്ടമുണ്ടാക്കുകയും അന്താരാഷ്ട്ര, ആഭ്യന്തര വിപണികളില്‍ ഓഗസ്റ്റില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തിരുന്നു.

സ്വര്‍ണ്ണത്തിനും ബിറ്റ്‌കോയിനും പൊതുവായ ഒന്ന് അവ ഏതെങ്കിലും സര്‍ക്കാരുമായോ അല്ലെങ്കില്‍ സമ്പദ്വ്യവസ്ഥയുമായോ ബന്ധപ്പെട്ടിട്ടില്ല എന്നതാണ്. ഇത് സ്വര്‍ണത്തെ പോലെ തന്നെ ക്രിപ്റ്റോകറന്‍സിയുടെയും വില ഉയരാന്‍ കാരണമായി. എന്നിരുന്നാലും, സ്വര്‍ണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി, ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തെ ഒരു പ്രധാന സമ്പദ്വ്യവസ്ഥകളും അംഗീകരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല.

2017 ഡിസംബറിലാണ് ബിറ്റ്‌കോയിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ബിറ്റ്‌കോയിന്‍ മൂല്യം 20,000 ഡോളറിലെത്തിയപ്പോഴായിരുന്നു ഇത്. ക്രിപ്റ്റോകറന്‍സികള്‍ക്ക് വ്യക്തമായ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് തീര്‍ച്ചയായും ഒരു ശരാശരി ഇന്ത്യന്‍ ഉപഭോക്താവിന് പറ്റിയ നിക്ഷേപമല്ല. എന്നിരുന്നാലും, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്കിന്റെ വിലക്ക് നീക്കുന്നതിനുള്ള മാര്‍ച്ച് 4 ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ക്രിപ്‌റ്റോകറന്‍സിയില്‍ പണം നിക്ഷേപിക്കാം.

വാക്‌സിന്‍ ഉടന്‍ ലഭ്യമായാല്‍ തന്നെ സാമ്പത്തിക ദുരിതങ്ങള്‍ ലോകമെമ്പാടും 2-3 വര്‍ഷം കൂടി നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് മഞ്ഞ ലോഹത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കൂടാതെ, ബിറ്റ്‌കോയിന്‍ പോലെ ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണ വില 40 ശതമാനമോ അതില്‍ കൂടുതലോ കുറയാനോ കൂടാനോ സാധ്യതയില്ല. ഉദാഹരണത്തിന്, ബിറ്റ്‌കോയിന്‍ ഒക്ടോബര്‍ 14 ന് 11,427.70 ഡോളറില്‍ നിന്ന് നവംബര്‍ 14 ന് 16,178.60 ഡോളറായി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ അടിസ്ഥാനത്തില്‍ ഇത് ഒരു മാസത്തിനുള്ളില്‍ ഏകദേശം 4 ലക്ഷം രൂപയാണ് വര്‍ദ്ധിച്ചത്.

ബിറ്റ്‌കോയിനെ സ്വര്‍ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്വര്‍ണ്ണ വില ഒക്ടോബര്‍ 14 ന് 10 ഗ്രാമിന് 52,285 രൂപയില്‍ നിന്ന് നവംബര്‍ 14 ന് 52,650 രൂപയായി ആണ് ഉയര്‍ന്നത്. വളരെ സ്ഥിരതയുള്ള ഒരു വില വര്‍ദ്ധനവാണിത്. ഒരു അസറ്റിന്റെ വില പെട്ടെന്നു ഉയരുമ്പോള്‍, അത് പോലെ തന്നെ കുറയാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ വിലകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ബിറ്റ്‌കോയിന്‍ വളരെ അപകടകരമായ ഒരു നിക്ഷേപമാണ്.

Author

Related Articles