News

ഇനി ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്കും ജിഎസ്ടി; 18% ജിഎസ്ടി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

രാജ്യത്തെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഉടന്‍ തന്നെ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ വരുമെന്ന് സൂചനകള്‍. കണക്കനുസരിച്ച് രാജ്യത്ത് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 7,200 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യത്ത് ബിറ്റ്‌കോയിന്‍ വ്യാപാരത്തിന് 18% ജിഎസ്ടി ഏര്‍പ്പെടുത്താനാണ് സാധ്യത. ക്രിപ്റ്റോകറന്‍സിയെ നിലവിലെ ആസ്തികളായി കണക്കാക്കാമെന്നും ജിഎസ്ടി ഈടാക്കാമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചു.

ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ ഇന്ത്യയില്‍ നിയന്ത്രണാതീതമായതിനാല്‍ ഇത് സര്‍ക്കാരിന് മുന്നില്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും ഡിജിറ്റല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനായി ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ വിലക്ക് സുപ്രീം കോടതി നീക്കിയതിന് ശേഷം. നിലവില്‍, ക്രിപ്റ്റോകറന്‍സിക്കായി ഒരു റെഗുലേറ്ററും ഇല്ല.

ഇതിനിടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നിരോധിത ചൈനീസ് വാതുവയ്പ്പ് ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടി കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതിന് ഗുജറാത്തിലെ ക്രിപ്‌റ്റോ കറന്‍സി വ്യാപാരിയെ ഇഡി ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

Author

Related Articles