News

ഇന്‍ഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നു; വിവിധ തസ്തികകളിലായി 15 മുതല്‍ 25 ശതമാനം വരെ ശമ്പളം വെട്ടിച്ചുരുക്കും; കുറഞ്ഞ ശമ്പളമുള്ള എ, ബി ബാന്‍ഡുകളെ തീരുമാനം ബാധിക്കില്ല; കൊറോണ വൈറസ് തിരിച്ചടിയെ പ്രതിരോധിക്കാനുള്ള പുതിയ നീക്കം

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ മുതിര്‍ന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മുതിര്‍ന്ന വൈസ് പ്രസിഡന്റുമാരും അതിന് മുകളിലുള്ളവരുടെയും ശമ്പളം 20 ശതമാനം വെട്ടിക്കുറയ്ക്കുന്നുണ്ടെന്നും വൈസ് പ്രസിഡന്റുമാരും കോക്ക്പിറ്റ് ക്രൂവിന്റെയും ശമ്പളം 15 ശതമാനം വെട്ടിക്കുറയ്ക്കുന്നുണ്ടെന്നും ഇന്‍ഡിഗോ സിഇഒ റോനോജോയ് ദത്ത പറഞ്ഞു. മാത്രമല്ല സിഇഒയായ തന്റെ ശമ്പളവും 25 ശതമാനം വെട്ടിക്കുറയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യാത്രാവിലക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്‍ഡിഗോയ്ക്ക് വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി. എയര്‍ലൈന്‍ വ്യവസായത്തിന്റെ നിലനില്‍പ്പ് ഇപ്പോള്‍ അപകടത്തിലാണ് അതിനാല്‍ ശമ്പളത്തില്‍ കുറവ് വരുത്തുകയാണെന്ന് ദത്ത പറഞ്ഞു. അതേസമയം ടേക്ക്- ഹോം സാലറിയില്‍ കുറവു വരുത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തനിക്ക് അറിയാമെന്നും ദത്ത പറഞ്ഞു.

വളരെയധികം പ്രയാസത്തോടും അഗാധമായ ഖേദത്തോടും കൂടി, 2020 ഏപ്രില്‍ ഒന്ന് മുതല്‍ എ, ബി  ബാന്‍ഡുകള്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരുടേയും ശമ്പളം ഞങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. ബാന്‍ഡ് എ, ബി എന്നിവയാണ് ശമ്പള നിരയിലെ ഏറ്റവും കുറഞ്ഞ ശമ്പളക്കാര്‍. കമ്പനിയുടെ ജീവനക്കാരില്‍ ഏറിയ പങ്കും ഈ വിഭാഗത്തിലാണ് വരുന്നത്. ഇന്‍ഡിഗോയുടെ ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് മേധാവി ആഷിം മിത്ര ഇന്ന് രാവിലെ പൈലറ്റുമാര്‍ക്ക് ഒരു ഇമെയില്‍ അയച്ചിരുന്നു. ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ട ആവശ്യകത ഉണ്ടായിരിക്കുന്നു. അടുത്ത കുറച്ച് ദിവസങ്ങളിലും ആഴ്ചകളിലുമായി നടപ്പാക്കേണ്ടുന്ന നിരവധി നടപടികള്‍ക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് എന്ന് മിത്ര ഇമെയിലില്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധ മൂലം രാജ്യങ്ങള്‍ക്ക് തങ്ങളുടെ അതിര്‍ത്തികള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നിയന്ത്രിക്കേണ്ടി വന്നിരുന്നു. ആഗോളതലത്തില്‍ തന്നെ മിക്ക വിമാനക്കമ്പനികളും തങ്ങളുടെ വിമാന സേവനങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ചതിനാല്‍ വ്യോമയാന മേഖലയെ ഇത് വളരെയധികം ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ബജറ്റ് എയര്‍ലൈന്‍ ഗോഎയര്‍ ഇതിനകം പ്രവാസി പൈലറ്റുമാരുടെ കരാര്‍ അവസാനിപ്പിച്ചിരുന്നു. വിമാന യാത്രയില്‍ അഭൂതപൂര്‍വമായ ഇടിവ് ചൂണ്ടിക്കാട്ടി ബജറ്റ് കാരിയര്‍ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പള പരിപാടിയില്ലാതെ അവധി നല്‍കുമെന്നും പ്രഖ്യാപിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ജീവനക്കാരുടെ ശമ്പളം 5 ശതമാനം വെട്ടിക്കുറച്ചേക്കാം. പി.ടി.ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ കുറവ് ബോര്‍ഡിലുടനീളം ഉണ്ടാകുമെന്ന് സൂചനയുണ്ട്.

Author

Related Articles