News

വിജയ് മല്യയുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ ബാങ്കുകള്‍ക്ക് പ്രത്യേക കോടതിയുടെ അനുമതി; 2013 മുതലുള്ള 13 ശതമാനം കുടിശ്ശിക തിരികെ പിടിക്കുക ലക്ഷ്യം; വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനാകാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി:  രാജ്യം കണ്ട ഏറ്റവും വലിയ വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മദ്യ വ്യവസായി ആയ  വിജയ് മല്യയുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്.  വിജയ് മല്യയുടെ ആസ്തികള്‍ വിറ്റഴിച്ച് പണമാക്കി മാറ്റാനുള്ള അവസരമാണ് മുംബൈയിലെ പ്രത്യേക കോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിധിപറയുന്ന മുംബൈയിലെ പ്രത്യേക കോടതിയായ പിഎംഎല്‍എ കോടതിയുടേതാണ് പുതിയ ഉത്തരവ്. 

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് പുറത്തുവിട്ടത്.  എന്നാല്‍ ഉത്തരവ് ജനുവരി 18 വരെ നടപ്പിലാക്കരുതെന്നും കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക്  ബോംബൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി.  എന്നാല്‍ ഓഹരി ഉടമകള്‍ അടക്കമുള്ളവരില്‍ നിന്ന് പിടിച്ചെടുത്ത ആസ്തികളാണ് ഭൂരിഭാഗവുമുള്ളത്. എന്നാല്‍ പുതിയ ഉത്തരവ് കൂടുതലായും ബാധിക്കുക  ഓഹരി ഉടമകളേയാകും.  6203.35 കോടി രൂപയോളമാണ് വായ്പാ തുകയും,  2013 മുതലുള്ള 13 ശതമാനം കുടിശ്ശികയുമാണ് ബാങ്ക് തിരികെ പിടിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുന്നത്.   അതേസമയം 90000 കോടി രൂപയോളം കടബാധ്യതയുള്ള വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന്  തട്ടിപ്പിന്നിരയായ ഇന്ത്യന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കഴിഞ്ഞ മാസം ലണ്ടന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.  

2016 മാര്‍ച്ചില്‍ രാജ്യം വിട്ട വിജയ് മല്യ ബ്രിട്ടനിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.  കള്ളപ്പണം, വഞ്ചന, വായ്പാ തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് വിജയ് മല്യക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.  അതേസമയം വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ലണ്ടന്‍ കോടതി ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാണ് വിജയ് മല്യ ലണ്ടന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  2017 ഏപ്രിലില്‍ അറസ്റ്റിലായ വിജയ് മല്യയെ യുകെ കോടതിയില്‍ വിചാരണ ചെയ്യാനിരിക്കെ ഇപ്പോള്‍ ജാമ്യത്തിലാണ്. എന്നാല്‍ കേസ് ഫിബ്രുവരിലായിലാകും യുകെ കോടതി വീണ്ടും പരിഗണിക്കുക.

Author

Related Articles