News

ഇന്ത്യാക്കാര്‍ കടം വാങ്ങി വീട്ടുചെലവ് നടത്തുന്നു; കോവിഡ് കടക്കെണിയിലാക്കി

ന്യൂഡല്‍ഹി:  കൊവിഡ് മഹാമാരിയും അതിനെ തുടര്‍ന്നുളള ലോക്ക്ഡൗണും രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി തന്നെ ഇക്കാലയളവില്‍ രാജ്യം നേരിട്ടു. പലര്‍ക്കും ജോലിയും വരുമാന മാര്‍ഗങ്ങളും നഷ്ടപ്പെട്ടു. കൊവിഡ് കാലത്ത് ഇന്ത്യക്കാരില്‍ ഭൂരിപക്ഷത്തോളം പേരും കുടുംബം നോക്കിയത് കടം വാങ്ങിയിട്ടാണ് എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്.

രാജ്യത്തെ 46 ശതമാനത്തോളം പേര്‍ക്ക് വീട് പുലര്‍ത്താന്‍ കടം വാങ്ങേണ്ടി വന്നിട്ടുണ്ട് എന്നാണ് ഹോം ക്രഡിറ്റ് ഇന്ത്യയുടെ പഠനം പറയുന്നത്. കൊവിഡ് വ്യാപനത്തോടെ ജോലി നഷ്ടപ്പെട്ടതും ശമ്പളം വെട്ടിക്കുറയ്ക്കപ്പെട്ടതുമായ മധ്യവര്‍ഗക്കാരായ ആളുകള്‍ കടുത്ത പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോണുകളും കടം വാങ്ങലുകളും അടക്കമുളളവയെ കുറിച്ചുളള ആളുകളുടെ കാഴ്ചപ്പാടിനേയും കൊവിഡ് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂറോപ്പിലും ഏഷ്യയിലുമടക്കം പ്രവര്‍ത്തന മണ്ഡലമുളള അന്താരാഷ്ട്ര കണ്‍സ്യൂമര്‍ ഫൈനാന്‍സ് ദാതാക്കളുടെ ഇന്ത്യന്‍ ഘടകമാണ് ഹോം ക്രെഡിറ്റ് ഇന്ത്യ. ഇവര്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം പേരും തങ്ങള്‍ വീട്ടുചെലവിന് വേണ്ടി കടം വാങ്ങലിനെ കൊവിഡ് കാലത്ത് പ്രാഥമികമായി ആശ്രയിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.

ഏഴ് നഗരങ്ങളിലായി ആയിരം പേരിലാണ് ഹോം ക്രഡിറ്റ് ഇന്ത്യ സര്‍വ്വേ നടത്തിയത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ ജനങ്ങളുടെ കടം വാങ്ങല്‍ സമ്പ്രദായത്തില്‍ വന്ന മാറ്റം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പഠനം നടത്തിയത്. കടം വാങ്ങിയതിനുളള പ്രധാന കാരണമായി സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാട്ടിയത് ശമ്പളം വെട്ടിക്കുറച്ചതോ അല്ലെങ്കില്‍ ശമ്പളം വൈകിയതോ ആണ്. നേരത്തെയുളള ലോണ്‍ അടക്കുന്നതിന് വേണ്ടി കടം വാങ്ങിയതായാണ് 27 ശതമാനം ആളുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം 14 ശതമാനം ആളുകള്‍ കടം വാങ്ങിയത് ജോലി നഷ്ടപ്പെട്ടത് കാരണമാണ് എന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് കൂടുതല്‍ പേരും കടം വാങ്ങിയിരിക്കുന്നത്. സ്ഥിതി സാധാരണ ഗതിയില്‍ ആവുകയും ശമ്പളം കിട്ടുകയും ചെയ്യുമ്പോള്‍ തിരിച്ച് നല്‍കിയാല്‍ മതി എന്നതാണ് ഇതിനുളള കാരണമെന്നും പഠനം പറയുന്നു. മുംബൈയിലും ഭോപ്പാലിലും ആണ് 27 ശതമാനം പേരും കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പണം കടം വാങ്ങാന്‍ ആശ്രയിച്ചിരിക്കുന്നത്.

Author

Related Articles