News

ബ്രിട്ടീഷ് എയര്‍വേസ് 28000 ജീവനക്കാരെ പിരിച്ചുവിടുന്നു; കൊറോണ പ്രതിസന്ധിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും

കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതിനാൽ ക്യാബിന്‍ ക്രൂ മുതല്‍ ഗ്രൗണ്ട് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍, ഹെഡ് ഓഫീസ് ജീവനക്കാര്‍ വരെയുള്ള 28000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വേസ്. അതേസമയം, വിമാനങ്ങളുടെ കുറവ് കാരണം തിങ്കളാഴ്ച മുതല്‍ രണ്ട് റണ്‍വേകളിലൊന്ന് അടച്ചുപൂട്ടുമെന്ന് ഹീത്രോ അറിയിച്ചു. നിലവില്‍ വിമാന സര്‍വീസുകള്‍ കുറവാണെങ്കിലും, ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് രാജ്യത്തിന് സുപ്രധാന മെഡിക്കല്‍ ചരക്കുകളും ഭക്ഷണവുമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്ക് പങ്കാളിയാകാൻ ഹീത്രോ തുറന്നിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഒന്നാണ് ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ഹീത്രോ. ഈ ആഴ്ച ഗാറ്റ്വിക്കില്‍ എല്ലാ വിമാനങ്ങളും പാര്‍ക്ക് ചെയ്ത ബ്രിട്ടീഷ് എയര്‍വേസ്, പിരിച്ചുവിട്ട എല്ലാ ജീവനക്കാര്‍ക്കും വ്യവസ്ഥകള്‍ പ്രകാരം അവരുടെ ശമ്പളത്തിന്റെ 80 ശതമാനം നല്‍കുമെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണൈറ്റ്, ജിഎംബി, ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുമായി ബ്രിട്ടീഷ് എയര്‍വേസ് ധാരണയിലെത്തിയിട്ടുണ്ട്. സന്നദ്ധ പദ്ധതികളില്‍ ചേരാന്‍ ജീവനക്കാരെ കമ്പനി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

മെയ് 31 വരെയാണ് ബ്രിട്ടീഷ് എയര്‍വേസിന്റെ താൽക്കാലിക പിരിച്ചുവിടൽ കരാര്‍ നിലനില്‍ക്കുന്നത്. ആകെ 45,000 ജീവനക്കാരാണ് ബ്രിട്ടീഷ് എയര്‍വേസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 4,000 പൈലറ്റുമാരുമായി കമ്പനി പ്രത്യേക കരാറും ഒപ്പിട്ടു. ഇവര്‍ ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള നാലാഴ്ച കാലയളവില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കും. അന്യദേശങ്ങളില്‍ കുടുങ്ങിയിരിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ സ്വദേശത്തെത്തിക്കുന്നതിനായുള്ള സര്‍ക്കാരിന്റെ 75 മില്യണ്‍ യൂറോ പദ്ധതിയില്‍ ബ്രിട്ടീഷ് എയര്‍വേസ് കൈകോര്‍ത്തിട്ടുണ്ട്.

ഈ ആഴ്ച പെറുവില്‍ നിന്ന് ആയിരത്തിലധികം ബ്രിട്ടിഷ് പൗരന്മാരെ എയര്‍വേസ് നാട്ടില്‍ തിരികെയെത്തിച്ചു. യാത്രാ വിലക്കുകള്‍ കാരണം മിക്കവരും ബുക്കിംഗ് റദ്ദാക്കിയതോടെ യൂറോപ്യന്‍ വിമാനക്കമ്പനികള്‍ക്ക് പാസഞ്ചര്‍ വരുമാന ഇനത്തില്‍ 63 ബില്യണ്‍ യൂറോ വരെ നഷ്ടമാകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍ (ഐറ്റ) അഭിപ്രായപ്പെട്ടു.

Author

Related Articles