News

കോവിഡില്‍ പ്രതിസന്ധിയിലായ 26 മേഖലകള്‍ക്കായി വായ്പ പുനഃക്രമീകരണ മാനദണ്ഡങ്ങള്‍; നിര്‍ദേശം നല്‍കി റിസര്‍വ് ബാങ്കിന്റെ വിദഗ്ധ സമിതി

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ഹോട്ടല്‍, റസ്റ്ററന്റ്, ടൂറിസം, പ്ലാസ്റ്റിക് ഉല്‍പാദനം എന്നിവയുള്‍പ്പെടെ കോവിഡ് മൂലം പ്രതിസന്ധിയിലായ 26 മേഖലകള്‍ക്കായി റിസര്‍വ് ബാങ്കിന്റെ വിദഗ്ധ സമിതി വായ്പ പുനഃക്രമീകരണ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു. നിലവിലെ ആസ്തികള്‍, ബാധ്യതകള്‍ തുടങ്ങിയവയ്ക്ക് നിശ്ചിത അനുപാതം നിര്‍ദേശിച്ചുള്ളതാണ് മാനദണ്ഡങ്ങള്‍.

കോവിഡിനു മുന്‍പും കോവിഡ് പ്രതിസന്ധിയുണ്ടായ ശേഷവുമുള്ള വായ്പ തിരിച്ചടവു രീതിയും ധനസ്ഥിതിയും വിലയിരുത്തിവേണം പുനഃക്രമീകരണ പദ്ധതി തയ്യാറാക്കാനെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം വാണിജ്യ ബാങ്കുകള്‍ക്കൊപ്പം സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്.

ഏറ്റവും കൂടുതല്‍ ആഘാതമേറ്റവ എന്നു വിലയിരുത്തിയാണ് 26 മേഖലകളെ തിരഞ്ഞെടുത്തതെന്ന് കെ.വി. കാമത്ത് അധ്യക്ഷനായ സമിതി വ്യക്തമാക്കി. ഓട്ടമൊബീല്‍, വ്യോമയാനം, ജ്വല്ലറി, ഊര്‍ജം, ഔഷധ ഉല്‍പാദനം, ടെക്‌സ്‌റ്റൈല്‍സ്, ഷിപ്പിങ്, റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണ സാമഗ്രികള്‍ (ടൈല്‍സ്) തുടങ്ങിയവയും ഉള്‍പ്പെടുന്നതാണ് മേഖലകളുടെ പട്ടിക. ഓട്ടമൊബീല്‍ മേഖലയില്‍ ഡീലര്‍ഷിപ്, കംപോണന്‍സ് എന്നിവ പ്രത്യേക മേഖലകളായി പരിഗണിച്ചിട്ടുണ്ട്.

കിട്ടാക്കട (എന്‍പിഎ) ഗണത്തിലല്ലാത്തതും കഴിഞ്ഞ മാര്‍ച്ച് 1ന്, തിരിച്ചടവില്‍ 30 ദിവസത്തില്‍ കൂടുതല്‍ പിഴവില്ലാത്തതുമായ വായ്പകളാണ് പുനഃക്രമീകരിക്കുന്നത്. മൊറട്ടോറിയം സഹിതമോ അല്ലാതെയോ തിരിച്ചടവ് കാലാവധി 2 വര്‍ഷത്തേക്കു നീട്ടുക, കടം ഓഹരിയാക്കി മാറ്റുക തുടങ്ങിയവയുള്‍പ്പെടുന്നതാണ് പുനഃക്രമീകരണം.

Author

Related Articles