News

പുതിയ പാര്‍പ്പിടങ്ങള്‍ക്കായി റിയാദില്‍ 20 മില്യണ്‍ ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കാന്‍ ഒരുങ്ങി സൗദി കിരീടാവകാശി

റിയാദ്: റിയാദിന്റെ വടക്കന്‍ മേഖലയില്‍ പുതിയ പാര്‍പ്പിടങ്ങള്‍ക്കായി 20 മില്യണ്‍ ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കാന്‍ സൗദി കിരീടാവകാശിയുടെ ഉത്തരവ്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം പാര്‍പ്പിട മന്ത്രാലയത്തിന് കൈമാറും. പാര്‍പ്പിട മേഖലയെ കൂടുതല്‍ ശാക്തീകരിക്കുക, കുടുംബങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളാണ് പുതിയ പാര്‍പ്പിട ഭൂമി അനുവദിച്ചതിന് പിന്നിലെന്ന് സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.   

അല്‍ ജവാന്‍ മേഖലയിലെ പാര്‍പ്പിട ഏരിയയുടെ വലുപ്പം 10 മില്യണ്‍ ചതുരശ്ര മീറ്ററില്‍ നിന്നും 30 മില്യണ്‍ ചതുരശ്ര മീറ്ററാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് കൊണ്ടുള്ള  ഏകീകൃത പദ്ധതികളിലൂടെയും സംവിധാനങ്ങളിലൂടെയും സേവനങ്ങളിലൂടെയും 53,000 പാര്‍പ്പിടങ്ങള്‍ ഇവിടെ നിര്‍മിക്കാനാണ് പദ്ധതി. നേരത്തെ പ്രഖ്യാപിച്ച 20,000 പാര്‍പ്പിട യൂണിറ്റുകള്‍ ഉള്‍പ്പടെയാണിത്. പാര്‍പ്പിട മേഖലയെ ലക്ഷ്യമാക്കിയുള്ള ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൗദി അറേബ്യയിലെ പാര്‍പ്പിട ഉടമസ്ഥാവകാശ നിരക്ക് 47 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയര്‍ന്നിരുന്നു. വിഷന്‍ 2030 പരിഷ്‌കാര പദ്ധതികളിലൂടെ ഇത് 70 ശതമാനമാക്കാനാകുമെന്നാണ് സൗദി കരുതുന്നത്.   

റിയാദിന്റെ വടക്കന്‍ മേഖലയിലായി പാര്‍പ്പിടങ്ങള്‍ക്ക് വേണ്ടി കൂടുതലായി അനുവദിച്ച ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കള്‍ 53,000 വിവിധ പാര്‍പ്പിട യൂണിറ്റുകള്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയിറക്കി. ഗുണമേന്മയാര്‍ന്ന സേവനങ്ങളും പൗരന്മാരുടെ താല്‍പ്പര്യങ്ങളും കണക്കിലെടുത്തായിരിക്കും നിര്‍മാണമെന്നും പ്രസ്താവന വ്യക്തമാക്കി. ലോകത്തിലെ പത്ത് വലിയ സാമ്പത്തിക നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുകയെന്ന ലക്ഷ്യത്തിന്റെ കൂടെ ഭാഗമാണ് ഈ പാര്‍പ്പിട പദ്ധതി. റിയാദിലെ ജനസംഖ്യ 2030ഓടെ 15 മില്യണില്‍ നിന്നും 20 മില്യണാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.

Author

Related Articles