News

ഏഷ്യന്‍ വിപണികള്‍ തിരിച്ചുവരവിന്റെ പാതയില്‍; ബ്രിട്ടണ്‍ പ്രതിസന്ധിയില്‍

സിംഗപ്പൂര്‍ ഓഹരികള്‍ ഒഴികെയുളള ഏഷ്യന്‍ വിപണികള്‍ വെള്ളിയാഴ്ച തിരിച്ചുവരവിന്റെ സൂചന നല്‍കി. ആഴ്ച അവസാനമായ വെള്ളിയാഴ്ച സിംഗപ്പൂര്‍ ഓഹരികള്‍ 0.1 ശതമാനം ഇടിഞ്ഞു. സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിന് ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ നല്‍കിയ ഉറപ്പുകളാണ് ഏഷ്യന്‍ ഓഹരികളിലെ നേട്ടങ്ങള്‍ക്ക് കാരണം.
 
ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്ങും അര ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.3 ശതമാനം ഉയര്‍ന്നു. ജപ്പാനിലെ നിക്കി -225 നേരിയ വര്‍ധനവ് രേഖപ്പെടുത്തി. നേട്ടം 0.2 ശതമാനമാണ്. ബ്രിട്ടണില്‍ വര്‍ദ്ധിച്ചുവരുന്ന കോവിഡ്-19 കേസുകളും ഉയര്‍ന്ന തൊഴിലില്ലായ്മയും മൂലമുളള പ്രതിസന്ധി വര്‍ധിക്കുന്നതിനാല്‍, സമ്പദ്‌വ്യവസ്ഥയുടെ തളര്‍ച്ച ഒഴിവാക്കാന്‍ നെഗറ്റീവ് പലിശനിരക്ക് പരിഗണിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാല്‍, പകര്‍ച്ചവ്യാധി മൂലം സമ്മര്‍ദ്ദത്തിലായ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വീണ്ടെടുക്കാനായി പ്രഖ്യാപിച്ച പ്രധാന ഉത്തേജക പ്രവര്‍ത്തനങ്ങള്‍ അവര്‍ നിര്‍ത്തിവച്ചു.
 
യൂറോപ്യന്‍ ഓഹരികള്‍ ഇന്‍ട്രാ ഡേ ട്രേഡില്‍ ഇടുങ്ങിയ ശ്രേണിയിലാണ് വ്യാപാരം നടത്തിയത്. ലണ്ടനിലെ എഫ് ടി എസ് സി -100, ഫ്രാന്‍സിന്റെ സിഎസി എന്നിവ 0.2 ശതമാനവും ജര്‍മ്മനിയുടെ ഡാക്‌സ് 0.2 ശതമാനവും ഇടിഞ്ഞു. ഉല്‍പാദനം സംബന്ധിച്ച വ്യവസ്ഥകളില്‍ ഉറച്ചുനില്‍ക്കാന്‍ സൗദി അറേബ്യ സഖ്യകക്ഷികളില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന്, എണ്ണവില ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്‍പത് ശതമാനം നേട്ടമുണ്ടാക്കി. ഇന്‍ട്രാ-ഡേ ട്രേഡില്‍, ബ്രെന്റ് ക്രൂഡ് വില ബാരലിന് 43 ഡോളര്‍ 40 സെന്റും വ്യാപാരം നടത്തുമ്പോള്‍ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 41 ഡോളര്‍ 10 സെന്റും ആയിരുന്നു.

Author

Related Articles