News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി; സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റി

ദുബൈ: വന്ദേഭാരത് പദ്ധതിയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു.   

ഇന്ന് മുതല്‍ 15 ദിവസത്തേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബൈലേക്കോ ദുബൈയില്‍ നിന്ന് പുറത്തേക്കോ സര്‍വീസ് നടത്താനാകില്ല. കൊവിഡ് പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഈമാസം നാലിന് ജെയ്പൂരില്‍ നിന്നുള്ള വിമാനത്തിലാണ് കൊവിഡ് പോസിറ്റീവ് റിസല്‍ട്ടുമായി യാത്രക്കാരന്‍ ദുബൈയിലെത്തിയത്.

മുമ്പും സമാനമായ സംഭവമുണ്ടായതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് ദുബൈ അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബൈ സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. പിഴവ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് വിമാനങ്ങള്‍ താല്‍കാലികമായി റദ്ദാക്കിയത്. ഇതിന് പുറമെ രോഗിയുടെയും ഒപ്പം യാത്രചെയ്തവരുടെയും ചികില്‍സാ ക്വാറന്റയിന്‍ ചെലവുകള്‍ എയര്‍ ലൈന്‍ വഹിക്കണം.

പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മിഡിലീസ്റ്റ് റീജണല്‍ മാനേജര്‍ മോഹിത് സെയിനിന് അയച്ച നോട്ടീസില്‍ അതോറിറ്റി വ്യക്തമാക്കി. വിലക്കിനെ തുടര്‍ന്ന് ഇന്നുമുതല്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടാനിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ധ് ചെയ്തു. ചില വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

Author

Related Articles