News

ഈസി ട്രിപ്പ് പ്ളാനേഴ്സ് ലിമിറ്റഡ് ഐപിഒ; മാര്‍ച്ച് 8ന് ആരംഭിക്കുന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സികളിലൊന്നായ ഈസി ട്രിപ്പ് പ്ളാനേഴ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഇനിഷ്യല്‍ പബ്ളിക് ഓഫര്‍) മാര്‍ച്ച് എട്ടിന് ആരംഭിച്ച് 10-ന് അവസാനിക്കും. രണ്ടു രൂപ മുഖ വിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 186-187 രൂപയാണ്.

കുറഞ്ഞത് 80 ഓഹരികള്‍ക്ക് അപേക്ഷിക്കണം. ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എന്നീ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യും. ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിലെ ബുക്കിംഗ് കണക്കിലെടുത്താല്‍, ഈ വിഭാഗത്തില്‍ കമ്പനിക്ക് ഇന്ത്യയില്‍ രണ്ടാം സ്ഥാനമുണ്ട്. 2018-2020 കാലയളവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സികളില്‍ ഏറ്റവും കൂടുതല്‍ വരുമാന വളര്‍ച്ച നേടിയ കമ്പനികൂടിയാണിത്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി വിപണിയില്‍ ഒരുപിടി ഐപിഒകള്‍ നടക്കാനിരിക്കുകയാണ്. അടുത്ത മൂന്നു മുതല്‍ അഞ്ചാഴ്ച്ച കൊണ്ട് 12,000 കോടി രൂപയുടെ ഐപിഒകള്‍ നടക്കും. ഈസി ട്രിപ്പ് പ്ലാനേഴ്സിന് പുറമെ കല്യാണ്‍ ജ്വല്ലേഴ്സ് (1,750 കോടി രൂപ), ലക്ഷ്മി ഓര്‍ഗാനിക്സ് (800 കോടി രൂപ), ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍ (150 കോടി രൂപ), അനുപം റസായന്‍ (760 കോടി രൂപ), സൂര്യോദയ് സ്മോള്‍ ഫൈനാന്‍സ് ബാങ്ക്, ആധാര്‍ ഹൗസിങ് ഫൈനാന്‍സ് (7,300 കോടി രൂപ) എന്നീ കമ്പനികളും വൈകാതെ പൊതു വിപണിയില്‍ ധനസമാഹരണത്തിന് ഇറങ്ങും.

ഈ വര്‍ഷം രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും ഐപിഓയ്ക്ക് ഇറങ്ങുമെന്നാണ് സൂചന. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 750 മില്യണ്‍ മുതല്‍ 1 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കുകയാണ് സൊമാറ്റോയുടെ ലക്ഷ്യം. ഇതേസമയം, സാധാരണ ഐപിഓ പോലെ നിലവിലുള്ള നിക്ഷേപകര്‍ കമ്പനിയുടെ ഓഹരി വിറ്റ് പിന്മാറാന്‍ സാധ്യതയില്ല.

'നിലവിലെ നിക്ഷേപകര്‍ ആരും കൈവശമുള്ള ഓഹരി വില്‍ക്കില്ല. അടുത്ത 5 വര്‍ഷം കൊണ്ട് 50 ബില്യണ്‍ ഡോളര്‍ കമ്പനിയായാണ് സൊമാറ്റോയെ വിപണി കാണുന്നത്. അതുകൊണ്ട് കയ്യിലുള്ള ഓഹരികള്‍ വിട്ടുകൊടുക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ല', സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദീപിന്ദര്‍ ഗോയല്‍ അടുത്തിടെ പറഞ്ഞു. ഇന്‍ഫോ എഡ്ജ് (ഇന്ത്യ), സെക്കോയ ക്യാപിറ്റല്‍, ടെമാസ്‌ക് ഹോള്‍ഡിങ്‌സ്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ വന്‍കിട നിക്ഷേപകര്‍ക്ക് സൊമാറ്റോയില്‍ ഓഹരി പങ്കാളിത്തമുണ്ട്.

Author

Related Articles