News

ജൂലൈ അവസാനത്തോടെ 90 ശതമാനം യാത്രാശൃംഖലകളും വീണ്ടെടുക്കുമെന്ന് എമിറേറ്റ്സ്

ദുബായ്: ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധിക്ക് മുമ്പുണ്ടായിരുന്ന യാത്രാവിമാന ശൃംഖലയുടെ 90 ശതമാനത്തോളം വീണ്ടെടുക്കുമെന്ന് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് വിമാനക്കമ്പനി. കൂടുതല്‍ സ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചും വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചും ഭൂരിഭാരം സര്‍വ്വീകളും പ്രവര്‍ത്തനനിരതമാക്കാനാണ് കമ്പനിയുടെ പദ്ധതി. രാജ്യങ്ങള്‍ സന്ദര്‍ശകര്‍ക്കായി അതിര്‍ത്തികള്‍ തുറന്ന് തുടങ്ങിയതോടെ വേനല്‍ക്കാല അവധി സീസണില്‍ വിമാനയാത്രയ്ക്ക് ഡിമാന്‍ഡ് ശക്തമാകുമെന്ന് ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.   

ജൂലൈ അവസാനത്തോടെ എമിറേറ്റ്സ് ആഴ്ചയില്‍ 124 യാത്രാവിമാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് 880 സര്‍വ്വീസുകള്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ 115 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് എമിറേറ്റ്സ് സര്‍വ്വീസ് നടത്തുന്നത്. പകര്‍ച്ചവ്യാധിക്ക് മുമ്പ് 143 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സിന് സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. അടുത്ത മാസം വെനീസ്, ഫുക്കറ്റ്, നൈസ്, ഓര്‍ലാന്‍ഡോ, മെക്സികോ സിറ്റി, ലിയോണ്‍, മാള്‍ട്ട എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ എമിറേറ്റ്സ് പുനഃരാരംഭിക്കും. മാത്രമല്ല അടുത്ത മാസം മുതല്‍ മിയാമിയിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 

ലോകമെമ്പാടുമുള്ള ബിസിനസുകളും ആളുകളും തമ്മിലുള്ള കണക്ടിവിറ്റി നിലനിര്‍ത്താന്‍ എമിറേറ്റ്സ് പ്രത്ിജ്ഞാബദ്ധരാണെന്നും ശൃംഖല പുനര്‍നിര്‍മിക്കാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവേശനാനുമതി ലഭിക്കാനുമുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്നും എമിറേറ്റ്സ് ചെയര്‍മാന്‍ ഷേഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പറഞ്ഞു. നിരവധി രാജ്യങ്ങള്‍ അന്താരാഷ്ട്ര യാത്രികര്‍ക്കായി അതിര്‍ത്തികള്‍ തുറന്നതില്‍ സന്തോഷമുണ്ടെന്നും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവന്ന സ്ഥലങ്ങളില്‍ വിമാനയാത്രയ്ക്ക് ഡിമാന്‍ഡ് ഉയരുന്നതിന്റെ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടെന്നും ഷേഖ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.  കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നുള്ള പൂര്‍ണ്ണമായ മോചനം സാധ്യമാണോ എന്നത് ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഷേഖ് അഹമ്മദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം എമിറേറ്റ്സ് ആ്ദ്യമായി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ വര്‍ഷമായിരുന്നു 2020.

Author

Related Articles