News

പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്; തൊഴിലവസരങ്ങളില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാടുകളിലേയ്ക്ക് മടങ്ങി പോന്നവര്‍ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ്. പ്രവാസി പുനരധിവാസ പാക്കേജിന്റെ ഭാഗമായി നടത്തുന്ന കൃഷിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ കൂടുതലായി സംഭരിക്കാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. തിരുവനന്തപുരത്ത് ഉടന്‍ തുറക്കുന്ന മാളിലും, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന മാള്‍, കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതികളിലും മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി അറിയിച്ചു.

ഗള്‍ഫില്‍ ഭാവിയില്‍ തുടങ്ങുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മലയാളി കൂടിയായ എം.എ. യൂസഫലി പറഞ്ഞു. കേരളത്തിലെ പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് ഗള്‍ഫില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. കീടനാശിനികളും രാസവളങ്ങളും കുറച്ച് കയറ്റുമതിക്കായി കൃഷി ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും വൃത്തിയാക്കല്‍, തരംതിരിക്കല്‍, പാക്കിങ് തുടങ്ങിയവയില്‍ കൂടി ശ്രദ്ധിച്ചാല്‍ മികച്ച സാധ്യതയാണുള്ളതാണ് ഈ മേഖലയെന്നും യൂസഫലി പറഞ്ഞു.

പ്രവാസി പുനരധിവാസം സംബന്ധിച്ച് മനോരമ പ്രസിദ്ധീകരിച്ച 'മടക്കമല്ല, പുതിയ തുടക്കം' എന്ന പരമ്പരയിലും വെബിനാറിലും ഉയര്‍ന്ന ആശയങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം നഷ്ടപ്പെടുത്താതെ കേരളത്തില്‍ നിക്ഷേപം നടത്താനാണ് പ്രവാസികള്‍ ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിച്ച് ഗള്‍ഫ് ഉടന്‍ പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബസികളിലുള്ള പ്രവാസി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബം ഏറ്റെടുത്തതായി കഴിഞ്ഞ മാസം ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരു്‌നനു. ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 7600 കോടി രൂപ) അബുദാബിയിലെ രാജകുടുംബത്തിന്റെ പിന്തുണയുള്ള ഒരു നിക്ഷേപ സ്ഥാപനം ലുലുവില്‍ നിക്ഷേപിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ലുലു ഗ്രൂപ്പ് തയ്യാറായിരുന്നില്ല.

യുഎഇയിലും മറ്റ് ഗള്‍ഫ് മേഖലകളിലും വന്‍കിട ബിസിനസുകള്‍ നടത്തുന്ന ഒരു കൂട്ടം ഇന്ത്യന്‍ ബിസിനസുകാരില്‍ പ്രധാനിയാണ് യൂസഫ് അലി. സൗദി അറേബ്യയുടെ പ്രീമിയം റെസിഡന്‍സി ലഭിച്ച ആദ്യ ഇന്ത്യക്കാരനായ റീട്ടെയില്‍ വ്യവസായി കൂടിയാണ് ഇദ്ദേഹം. ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനായ 64 കാരനായ യൂസഫ് അലി കഴിഞ്ഞ വര്‍ഷം ഫോബ്സ് മാസികയുടെ യുഎഇയിലെ ഏറ്റവും ധനികനായ പ്രവാസിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Author

Related Articles