News

ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധന; 17.27 ശതമാനം വര്‍ധിച്ച് 14.22 ബില്യണ്‍ യുഎസ് ഡോളറിലെത്തി

ന്യൂഡല്‍ഹി: വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം മാര്‍ച്ച് 1-14 കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 17.27 ശതമാനം വര്‍ധിച്ച് 14.22 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഈ കാലയളവില്‍ ഇറക്കുമതി 27.77 ശതമാനം ഉയര്‍ന്ന് 22.24 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. വ്യാപാര കമ്മി 8.02 ബില്യണ്‍ ഡോളറായി എന്നും പ്രാഥമിക ഡാറ്റ വ്യക്തമാക്കുന്നു. എഞ്ചിനീയറിംഗ്, അരി, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയാണ് കയറ്റുമതിയില്‍ ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തിയ പ്രധാന മേഖലകള്‍.   

തുകല്‍, എണ്ണക്കുരു, എല്ലാ തുണിത്തരങ്ങളും, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതി ഈ കാലയളവില്‍ ഇടിയുകയാണ് ഉണ്ടായിട്ടുള്ളത്. സ്വര്‍ണം, ഇലക്ട്രോണിക് വസ്തുക്കള്‍, മുത്തുകള്‍, മൂല്യമുള്ളതും അര്‍ദ്ധ മൂല്യമുള്ളതുമായ കല്ലുകള്‍ എന്നിവയുടെ ഇറക്കുമതി ഈ കാലയളവില്‍ വളര്‍ച്ച രേഖപ്പെടുത്തി.

ഫെബ്രുവരിയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും രാജ്യത്തിന്റെ കയറ്റുമതി വര്‍ധന പ്രകടമാക്കിയിരുന്നു. 0.67 ശതമാനം വര്‍ധനയോടെ ഫെബ്രുവരിയില്‍ 27.93 ബില്യണ്‍ ഡോളറിലേക്ക് കയറ്റുമതി എത്തിയപ്പോഴും വ്യാപാരക്കമ്മി 12.62 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു.

Author

Related Articles