News

പ്രവര്‍ത്തനമില്ലാത്ത കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലത്തിന്റെ നീക്കം; കെവൈസി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കൂ...

വ്യാജ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ നീക്കം നടക്കുന്നതായി സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടും ഉടമകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ  'നോ യുവര്‍ കസ്റ്റമര്‍' (കെവൈസി) റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം മാര്‍ച്ച് മാസത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

ഏതാണ്ട് അഞ്ച് ലക്ഷം കമ്പനികള്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇനി ആറ് ലക്ഷത്തോളം കമ്പനികളുടെ വിവരങ്ങളാണ് ലഭിക്കാനുള്ളത്. ജൂണ്‍ 15 ന് മുന്‍പായി ബാക്കിയുള്ള കമ്പനികളുടെ കെവൈസി വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം അറിയിച്ചു. ഈ വിവരങ്ങള്‍കൂടെ ലഭിച്ചതിന് ശേഷമായിരിക്കും വ്യാജ കമ്പനികളെ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുക. 

ഈ വര്‍ഷം അവസാനത്തോടെ ഏകദേശം 20,000 കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദായേക്കുമെന്നാണ് സൂചനകള്‍.  ഇതിനകം സര്‍ക്കാര്‍ മൂന്ന് ലക്ഷത്തോളം കമ്പനികളുടെ രജിസ്‌ട്രേഷനില്‍ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇത്തരം കമ്പനികളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയ പല കമ്പനികളിലും ഡ്രൈവര്‍മാരും വീട്ടു ജോലിക്കാരും മറ്റും അടങ്ങുന്ന ഡമ്മി ഡയറക്ടര്‍മാരാണ് നിലവിലുണ്ടായിരുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിച്ച സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കണ്ടെത്തിയിരുന്നു.

Author

Related Articles