News

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ അപാകത; പ്രശ്‌ന പരിഹാരത്തിന് ഇന്‍ഫോസിസുമായി ചര്‍ച്ച നടത്തുമെന്ന് ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലിന്റെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്‍ഫോസിസുമായി ചര്‍ച്ച നടത്തും. ജൂണ്‍ 22 ന് രാവിലെ 11മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് യോഗം. ഇഐസിഎഐയില്‍ നിന്നുള്ള അംഗങ്ങള്‍, ഓഡിറ്റര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, നികുതിദായകര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് പങ്കാളികള്‍ ചര്‍ച്ചയുടെ ഭാഗമാകും.
 
നികുതിദായകരുടെ അസൗ കര്യത്തിലേക്ക് നയിക്കുന്ന നിരവധി സാങ്കേതിക തകരാറുകള്‍ പുതിയ പോര്‍ട്ടലില്‍ കണ്ടെത്തിയിരുന്നു. പോര്‍ട്ടലില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് രേഖാമൂലമുള്ള നിവേദനങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നും വകുപ്പ് ക്ഷണിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും നികുതിദായകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇന്‍ഫോസിസ് ടീമിലെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

മന്ത്രാലയത്തിന്റെ പഴയ പോര്‍ട്ടല്‍ പിന്‍വലിച്ച് ജൂണ്‍ 7 ന് രാത്രിയായിരുന്നു പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ചത്. എന്നാല്‍ അന്ന് രാത്രി തന്നെ വെബ്‌സൈറ്റ് തകരാറില്‍ ആവുകയായിരുന്നു. ഇതോടെ പോര്‍ട്ടലില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി പേര്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ ടാഗ് ചെയ്ത് രംഗത്തെത്തിയിരുന്നു.നികുതി ദായകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പോര്‍ട്ടല്‍ പൂര്‍ത്തീകരിക്കാന്‍ ഇന്‍ഫോസിസിനായിരുന്നു ചുമതല നല്‍കിയത്.

Author

Related Articles