News

പാല്‍ വില്‍പ്പനയില്‍ നിന്നും ബാങ്ക് ഉടമയിലേക്ക്; ബന്ധന്‍ ബാങ്ക് സ്ഥാപകന്‍ ചന്ദ്രശേഖര്‍ ഘോഷിന്റെ ജീവിതം ഇങ്ങനെ

കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവും എന്നും വിജയം കൊണ്ടുവരുമെന്നു വ്യക്തമാക്കുന്നതാണ് ചന്ദ്രശേഖര്‍ ഘോഷിന്റെ ജീവിതം. ഒരു കാലത്ത് പാല്‍ വിറ്റ് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹം ഇന്ന് 30,000 കോടി രൂപ ആസ്തിയുള്ള ബന്ധന്‍ ബാങ്കിന്റെ സ്ഥാപകനാണ്. സാമ്പത്തിക മേഖലയില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത സംരംഭമായി ആരംഭിച്ച ബന്ധന്‍ ബാങ്കിന്റെ കഥ പ്രചോദനാത്മകമാണ്. സ്ഥാപകനായ ചന്ദ്രശേഖര്‍ ഘോഷിന്റെ കഥയും വ്യത്യസ്തമല്ല.

ഇന്ന് സമ്പന്നനായ ഘോഷ് ഒരിക്കല്‍ ഒരു നേരത്തെ ഉപജീവനമാര്‍ഗത്തിനായി കഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ്. ആദ്യകാലങ്ങളില്‍ അദ്ദേഹത്തിനു പാല്‍ വില്‍ക്കേണ്ടി വന്നു. ത്രിപുര സ്വദേശിയായ ഘോഷ് ഒരു ചെറിയ പലഹാരക്കട ഉടമയുടെ മകനായിരുന്നു. പഠനത്തിന് പണം കണ്ടെത്താനായി അദ്ദേഹം കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കി. പിതാവിനെ കടയില്‍ പിന്തുണയ്ക്കുന്നതിനൊപ്പം ഘോഷ് ധാക്ക സര്‍വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

പഠനം പൂര്‍ത്തിയാക്കിയ ഘോഷ് 5,000 രൂപ ശമ്പളത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. കുടംബത്തിനു വേണ്ടി വര്‍ഷങ്ങളോളം അദ്ദേഹം ഇവിടെ ജോലി തുടര്‍ന്നു. എന്നാല്‍ 1990കളോടെ ജീവിതത്തില്‍ കൂടുതല്‍ ഉയരണമെന്ന ആഗ്രഹവും വ്യഗ്രതയും വര്‍ധിച്ചു. ഒടുവില്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്നു ബംഗ്ലാദേശിലെ ഒരു ഗ്രാമ ക്ഷേമ സൊസൈറ്റിയില്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം തലവനായി അദ്ദേഹം നിയമിതനായി. ഇതാണ് വഴിത്തിരിവായത്.

സൊസൈറ്റിയില്‍ ജോലി തുടരവേ, സംരംഭകത്വമുള്ള സ്ത്രീകളെ പിന്തുണയ്ക്കാനുള്ള ആശയം അദ്ദേഹത്തില്‍ ഉദിച്ചു. 2001 ല്‍ അവര്‍ക്ക് ചെറിയ വായ്പകള്‍ നല്‍കുന്നതിന് ഒരു മൈക്രോഫിനാന്‍സ് യൂണിറ്റ് ആരംഭിച്ചു. ഇന്നത്തെ ബന്ധന്‍ ബാങ്കിന്റെ തുടക്കം ഇതാണെന്നു പറയാം. സാവധാനത്തിലും ക്രമാനുഗതമായും സ്ഥാപനം വളരുകയും, 2015 ല്‍ ബന്ധന്‍ സാമ്പത്തിക സേവനങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. ഇന്ന്, ബന്ധന്‍ ബാങ്കിന് 5,500 -ലധികം ബാങ്കിങ് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. കൂടാതെ 34 ഓളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമിപ്യവുമുണ്ട്. 2.35 ഉപയോക്താക്കളുമുണ്ട്.

Author

Related Articles