News

ജനജീവിതം ദുസ്സഹം; ഇന്നും ഇന്ധന വില വര്‍ധന

തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 109ലേക്ക് എത്തി. 108.79  ആണ് തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില. ഒരുലിറ്റര്‍ ഡീസലിന് 102.46 ആണ് തിരുവനന്തപുരത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 106.97 രൂപയും ഡീസലിന് 102.40 രൂപയുമാണ് വില.

ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ന് വരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.63 രൂപയുമാണ് വര്‍ദ്ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് സൂചന. എണ്ണക്കമ്പനികള്‍ ദിവസേനെ ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറികളടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.

Author

Related Articles