News

ഇന്നും ഇന്ധന വില ഉയര്‍ന്നു; ദിവസങ്ങള്‍ക്കുള്ളില്‍ ലിറ്ററിന് വര്‍ധിച്ചത് 3 രൂപയിലധികം

കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 3.31 രൂപയും ഡീസലിന്റെ ലിറ്ററിന് 3.42 രൂപയും ഉയര്‍ന്നു. സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 57 പൈസയും ഡീസല്‍ വില 59 പൈസയും ഉയര്‍ത്തി. ക്രൂഡ് ഓയില്‍ നിരക്ക് ബാരലിന് 40 ഡോളറില്‍ താഴെ എത്തിയപ്പോള്‍ ഇന്ത്യയില്‍ ഇന്ധന നിരക്ക് ഇപ്പോള്‍ നാലര മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ വര്‍ധനവിന് കാരണം കഴിഞ്ഞ മാസം എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതാണ്. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും എക്‌സൈസ് തീരുവ ഇനത്തില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡ് താഴ്ന്ന നിലയിലായിരുന്നതിനാല്‍ വര്‍ദ്ധനവിന്റെ ആഘാതം ഉപയോക്താക്കള്‍ക്ക് കൈമാറിയിരുന്നില്ല.

ക്രൂഡ് ഓയില്‍ വിപണിയിലെ വിലയിടിവിനെ തുടര്‍ന്ന് ലോക്ക്‌ഡൌണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ഇന്ധന നിരക്ക് ഇടിഞ്ഞു തുടങ്ങിയിരുന്നു. കഴിഞ്ഞ നാലര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ ഇന്ധന വില. മാര്‍ച്ച് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ഇന്ധനങ്ങളുടെയും എക്‌സൈസ് തീരുവ രണ്ടുതവണ വര്‍ദ്ധിപ്പിച്ചു. മിക്ക സംസ്ഥാന സര്‍ക്കാരുകളും സെസ് അല്ലെങ്കില്‍ വാറ്റ് ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വിലയുടെ 70% ഇപ്പോള്‍ നികുതിയല്ലാതെ മറ്റൊന്നുമല്ല.

Author

Related Articles