News

യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഗോ എയര്‍; ഇന്ന് മുതല്‍ ആരംഭിക്കുന്നു

മുംബൈ: ബജറ്റ് കരിയറായ ഗോ എയര്‍ യുഎഇയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. തിരിച്ച് ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കും മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. കൊച്ചി, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേക്കും മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് ഗോഎയര്‍ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് എല്ലാ സര്‍വീസുകളും ആരംഭിക്കുക. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസ് ആണ് ഗോ എയര്‍ യുഎഇയിലേക്ക് നടത്തുന്നത്. ദുബായിലേക്ക് ഈ കരാര്‍ പ്രകാരം സര്‍വീസ് നടത്തുന്നുണ്ട്. അതിന് പുറമെയാണ് ഇപ്പോള്‍ ഷാര്‍ജയിലേക്കും. മുംബൈ, ദില്ലി, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് ഗോഎയര്‍ അറിയിച്ചു.

എല്ലാ സര്‍വീസുകളും എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് വിമാന കമ്പനി സിഇഒ കൗഷിക് ഖോന അറിയിച്ചു. ഇന്ത്യ-ഷാര്‍ജ സെക്ടറില്‍ റിട്ടേണ്‍ ചാര്‍ജ് ഉള്‍പ്പെടെ കുറഞ്ഞ നിരക്ക് 11560 രൂപയാണ് ഈടാക്കുക്. കൊറോണ കാരണം പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് വേണ്ടി വന്ദേഭാരത് മിഷന്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. പിന്നീടണ് ചില രാജ്യങ്ങളുമായി മാത്രം എയര്‍ ബബിള്‍ കരാര്‍ ആരംഭിച്ചത്. യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ട്. സൗദി അറേബ്യയുമായി കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ 22 രാജ്യങ്ങളുമായിട്ടാണ് എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ ജനുവരി 31 വരെ നീട്ടി. ഖത്തറുമായുള്ള എയര്‍ ബബിള്‍ കരാറില്‍ കൂടുതല്‍ ഇളവുകളുണ്ട്. തെക്കന്‍ അമേരിക്കയിലേയും ആഫ്രിക്കയിലേയും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഈ കരാര്‍ പ്രകാരം യാത്ര അനുവദിക്കും. ആഫ്രിക്കയിലും തെക്കന്‍ അമേരിക്കയിലുമുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വഴി ഇന്ത്യയിലേക്ക് എത്താന്‍ സൗകര്യമുണ്ട്.

കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയ വേളയിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇത്. പിന്നീടാണ് വന്ദേഭാരത് മിഷനും എയര്‍ ബബിള്‍ കരാറും വന്നത്. ഇപ്പോള്‍ ബ്രിട്ടനില്‍ പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ആ രാജ്യത്തേക്കുള്ള സര്‍വീസ് ഇന്ത്യ പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയ നിരവധി പേര്‍ക്ക് പുതിയ കൊറോണ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു.

Author

Related Articles