News

സ്വര്‍ണ വില ഉയരുന്നു; പവന് 360 രൂപ വര്‍ദ്ധിച്ചു

കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു. പവന് 360 രൂപ വര്‍ദ്ധിച്ച് 37000 രൂപയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4625 രൂപയാണ് ഇന്നത്തെ വില. ജനുവരിയിലെ ഏറ്റവും കുറഞ്ഞ വില 36400 രൂപയാണ്. ജനുവരി 16 മുതല്‍ 18 വരെയാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില ജനുവരി 5, 6 തീയതികളില്‍ രേഖപ്പെടുത്തിയ 38400 രൂപയാണ്.

ഇന്ത്യന്‍ വ്യാപാര സെഷനുകളില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സില്‍ ഫെബ്രുവരി സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.3 ശതമാനം ഉയര്‍ന്ന് 49,674 രൂപയിലെത്തി. തുടര്‍ച്ചയായ നാലാം ദിവസവും സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോഗ്രാമിന് 0.8 ശതമാനം ഉയര്‍ന്ന് 67,513 ല്‍ എത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 1.2 ശതമാനവും വെള്ളി 1.6 ശതമാനവും ഉയര്‍ന്നിരുന്നു.

യുഎസ് ബോണ്ട് വരുമാനം, ഡോളര്‍ ശക്തിപ്പെടുത്തല്‍, യുഎസ് ഉത്തേജക പ്രഖ്യാപനം എന്നിവയ്ക്കിടയിലാണ് ആഭ്യന്തര വിപണികളില്‍ ഈ വര്‍ഷം സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സെഷനിലെ കുത്തനെയുള്ള ഉയര്‍ച്ചയ്ക്ക് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഇന്ന് സ്വര്‍ണ വില 0.2 ശതമാനം ഇടിഞ്ഞ് 1,868.66 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളായ വെള്ളിയും പ്ലാറ്റിനവും യഥാക്രമം ഔണ്‍സിന് 25.75 ഡോളറിലും 1,103.51 ഡോളറിലുമെത്തി.

Author

Related Articles