News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ താഴ്ച; നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില താഴ്ന്നു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമാണ് സ്വര്‍ണ വിലയില്‍ കുറവുണ്ടായിരിക്കുന്നത്. 80 രൂപ കുറഞ്ഞ് പവന് 35,480 രൂപ നിരക്കിലാണ് ഇന്ന് സ്വര്‍ണം വിപണനം ചെയ്യപ്പെടുന്നത്. ഗ്രാമിന് 4,435 രൂപയാണ് വില. ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.

തിങ്കളാഴ്ച പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ ആഴ്ചയിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇന്നലത്തേത്. ശനിയാഴ്ച തിരുവോണ ദിനത്തില്‍ പവന് 80 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. പിന്നീടിങ്ങോട്ട് സ്വര്‍ണ വില ഉയരുകയായിരുന്നു. എന്നാല്‍ ആഗസ്ത് മാസത്തില്‍ ഇതുവരെ പവന് 440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഇന്ന് 10 ഗ്രാം സ്വര്‍ണം 47,435.00 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് 1,794.77 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഇത് 1,801.57 രൂപയായിരുന്നു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.4 ശതമാനം കുറഞ്ഞ് 1,796.03 ഡോളറിലെത്തി. അതേസമയം യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചര്‍ വ്യാപാരം 1,797.50 ഡോളറിലാണ്. 0.6 ശതമാനമാണ് ഇടിവ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. രാജ്യാന്തര വിപണിയില്‍ ഈ മാസം 2.5 ശതമാനത്തോളം വിലയിടിവ് ഉണ്ടായിരുന്നു.

Author

Related Articles