News

അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം; കാരണം ചൈന-അമേരിക്ക സംഘര്‍ഷമോ?

അന്താരാഷ്ട്ര സ്വര്‍ണ നിരക്കിലുളള വന്‍ വര്‍ധനയും ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണം രാജ്യത്തെ സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറി. കേരളത്തില്‍ ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 39200 രൂപയും. 500 രൂപയാണ് ഇന്ന് മാത്രം ഒരു പവന് കൂടിയത്.

സ്വര്‍ണ്ണവിലയിലെ വര്‍ധനവ് ഈ നില തുടരുകയാണെങ്കില്‍ ഈ ആഴ്ച തന്നെ നിരക്ക് 2,000 ഡോളര്‍ മറികടക്കുമെന്നാണ് സൂചന. മറ്റ് നിക്ഷേപ മേഖലകള്‍ പ്രതീക്ഷിച്ച മുന്നേറ്റം പ്രകടിപ്പിക്കാതിരിക്കുന്നത് മൂലം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് ഇത്തരത്തില്‍ വില ഉയരാനിടയാക്കുന്നത്. 2011 സെപ്റ്റംബറില്‍ നിരക്ക് 1,900 ഡോളറിലേക്ക് ഉയര്‍ന്നെങ്കിലും അന്ന് യുഎസ് കറന്‍സിക്കെതിരെ രൂപയുടെ മൂല്യം 50 -55 നിരക്കിലായിരുന്നതിനാലാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധന വലിയതോതില്‍ പ്രതിഫലിക്കാതെ പോയത്. എന്നാല്‍, നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74 -75 മേഖലയിലാണ്, അതിനാല്‍ രാജ്യന്തര വില വര്‍ധന ആഭ്യന്തര വിപണിയില്‍ നിരക്ക് ഉയരുന്നതിന് ഇടയാക്കും.

ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങള്‍, ഇക്വിറ്റി മാര്‍ക്കറ്റുകളിലെ ചാഞ്ചാട്ടം, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തില്‍ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോര്‍ട്ടുകള്‍, അമേരിക്കയും ചൈനയും തമ്മിലുളള രാഷ്ട്രീയ- സാമ്പത്തിക- വ്യാപാര തര്‍ക്കങ്ങള്‍ എന്നിവ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ചൈനയുമായുളള സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഡോളറിന്റെ മുകളില്‍ സമ്മര്‍ദ്ദം വര്‍ധിച്ചിട്ടുണ്ട്, ഇതുമൂലമുളള അസ്ഥിരതയും മാന്ദ്യ ഭീതിയും കാരണം ഗോള്‍ഡിന് ഒരു ഗ്ലോബല്‍ കറന്‍സി എന്ന നിലയിലുളള പരിഗണന വര്‍ധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.

കഴിഞ്ഞ സെഷനില്‍ ശക്തമായ നേട്ടമുണ്ടാക്കിയ ശേഷം ഇന്ത്യയില്‍ ഇന്നും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.6 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 52,410 രൂപയിലെത്തി. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 2 ശതമാനം ഉയര്‍ന്ന് 67,000 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 2.2 ശതമാനം ഉയര്‍ന്ന് 52,000 രൂപയെ മറികടന്നു. വെള്ളി വില 7.5 ശതമാനം ഉയര്‍ന്നു.

ആഗോള വിപണിയില്‍, സ്വര്‍ണം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുകയാണ്. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 1,975 ഡോളറായി ഉയര്‍ന്നു, വെറും ആറ് സെഷനുകളില്‍ 160 ഡോളര്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഗോള്‍ഡ് ഫ്യൂച്ചര്‍ 2.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,000 ഡോളറിലെത്തി. വെള്ളി നിരക്ക് 5 ശതമാനം ഉയര്‍ന്ന് 25.81 ഡോളറിലെത്തി, ഏഴ് സെഷനുകളിലായി വെള്ളി വില 33 ശതമാനം ഉയര്‍ന്നു.

കോറോണ വൈറസ് മൂലം സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുന്ന അമേരിക്ക, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളും കൂട്ടായ്മയും ഏറ്റവും കൂടുതല്‍ ബാഹ്യ കടം ഉള്ളവര്‍ എന്നതിലുപരി ഈ രാജ്യങ്ങളുടെ ഒക്കെ ഫോറിന്‍ റിസര്‍വിന്റെ വളരെ നല്ല ഭാഗവും സ്വര്‍ണത്തിലാണ്. ഇത് റിഅറേഞ്ച് ചെയ്യാനുളള വളരെ ചെറിയ ഒരു സെല്ലിംഗ് വന്നാല്‍ പോലും സ്വര്‍ണ വിപണി തകരാന്‍ ഇടയാക്കിയേക്കാം. സാമ്പത്തിക മാന്ദ്യ സാഹചര്യം ലോകത്ത് രൂക്ഷമായാല്‍ അത്തരം നടപടികളിലേക്ക് രാജ്യങ്ങള്‍ നീങ്ങിയേക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അന്താരാഷ്ട്ര നാണയ നിധി, മറ്റ് ബാങ്കുകള്‍, ആഗോള നിക്ഷേപ സ്ഥാപനങ്ങള്‍, ചെറു രാജ്യങ്ങള്‍, വ്യക്തികള്‍ ഒക്കെ മറ്റ്  നിക്ഷേപ മേഖലകളിലുളള തകര്‍ച്ച കാരണം ഗോള്‍ഡ് സെല്ലിംഗിനും, പ്രോഫിറ്റ് ബുക്കിംഗിനോ, ഹെഡ്ജിംഗിനോ ശ്രമിക്കാമെന്നതും സ്വര്‍ണ നിരക്ക് താഴേക്ക് പോകാന്‍ ഇടയാക്കിയേക്കും.

Author

Related Articles