News

ഇന്ത്യയില്‍ സ്വര്‍ണ വില 52,000 രൂപയും കടന്ന് കുതിക്കുമെന്ന് പ്രവചനം

ന്യൂഡല്‍ഹി: രാജ്യത്ത് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപയും കടന്ന് കുതിക്കുമെന്ന് പ്രവചനം. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളിന്‍േറതാണ് പ്രവചനം. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,000 ഡോളറാകും. ഇന്ത്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില.

യു.എസ് സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള പ്രവചനങ്ങളില്‍ മാറ്റം വരുത്തിയതും പലിശനിരക്കുകളില്‍ ഫെഡറല്‍ റിസര്‍വിന്റെ സമീപനവും ഇനിയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കുമെന്നാണ് സൂചന. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പലരും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇതും വിലവര്‍ധനക്ക് ഇടയാക്കുമെന്നാണ് സൂചന. ഇതിനൊപ്പം എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി, വൈദ്യുതി ക്ഷാമം, യു.എസ്-ചൈന ചര്‍ച്ച, കോവിഡ് ഡെല്‍റ്റ വേരിയന്റ് കേസുകളടെ വര്‍ധന എന്നിവയും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കും.

2019ല്‍ 52 ശതമാനവും 2020ല്‍ 25 ശതമാനവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കോവിഡിന് ശേഷം സ്വര്‍ണത്തിന്‍േറയും സ്വര്‍ണാഭരണങ്ങളുടെയും ഡിമാന്‍ഡില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ 47 ശതമാനവും ആഭരണങ്ങളുടേതില്‍ 58 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്. ഈ ദീപാവലിക്ക് നിയന്ത്രണങ്ങളില്‍ കുറവ് വന്നതും സ്വര്‍ണത്തിന്റെ വില്‍പന ഉയര്‍ത്തുമെന്നാണ് സൂചന.

Author

Related Articles