News

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി; പവന് 400 രൂപ വര്‍ദ്ധിച്ച് 37200 രൂപയായി

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 400 രൂപ വര്‍ദ്ധിച്ച് 37200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4650 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയ്ക്കാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. പവന് 36800 രൂപയായിരുന്നു ഇന്നലെ വരെ സ്വര്‍ണ നിരക്ക്. സെപ്റ്റംബര്‍ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.

കഴിഞ്ഞ സെഷനില്‍ ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ നേട്ടം. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.1 ശതമാനം ഉയര്‍ന്ന് 50,190 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.5 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 60,730 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍, സ്വര്‍ണ വില 1% അഥവാ 502 രൂപ ഉയര്‍ന്നിരുന്നു. വെള്ളി വില 1,360 രൂപ അഥവാ 2.3 ശതമാനം ഉയര്‍ന്നിരുന്നു.

ഓഗസ്റ്റ് 7 ലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 56,200 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ വില 10 ഗ്രാമിന് 6,000 രൂപ ഇടിവ് രേഖപ്പെടുത്തി. ആഗോള സമ്പദ്വ്യവസ്ഥയിലെ വെല്ലുവിളികള്‍ കണക്കിലെടുത്താണ് സ്വര്‍ണ്ണ വില നിലവില്‍ കുറഞ്ഞിരിക്കുന്നതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ആഗോള വിപണികളില്‍, യുഎസ് ഡോളര്‍ സ്വര്‍ണ്ണ വിലയെ പിന്തുണച്ചു. കഴിഞ്ഞ സെഷനില്‍ 1.1 ശതമാനം ഉയര്‍ന്ന് സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.15 ശതമാനം ഉയര്‍ന്ന് 1,883.69 ഡോളറിലെത്തി. മുന്‍ സെഷനില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ഡോളര്‍ സൂചിക ഇന്നും 0.04 ശതമാനം ഇടിഞ്ഞു. ദുര്‍ബലമായ ഡോളര്‍ മറ്റ് കറന്‍സികളുടെ ഉടമകള്‍ക്ക് സ്വര്‍ണം വിലകുറഞ്ഞതാക്കും. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി വില ഇന്ന് ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 23.68 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഇടിഞ്ഞ് 880.56 ഡോളറിലെത്തി.

Author

Related Articles