News

ജിയോ ഫോണ്‍ മാതൃകയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ഒരുങ്ങി ഗൂഗിള്‍

മുംബൈ: റിലയന്‍സ് ജിയോ പുറത്തിറക്കിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ജിയോ ഫോണ്‍ നെക്സ്റ്റിന്റെ മാതൃകയില്‍ ആഗോള തലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ ഗൂഗിള്‍ ആലോചിക്കുന്നു. ഇപ്പോള്‍ റിലയന്‍സുമായി ബിസിനസ് പങ്കാളിത്തമുള്ള ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജിയോ ഫോണ്‍ നെക്സ്റ്റിനെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്ന് ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി ഹെഡ് സഞ്ജയ് ഗുപ്ത പറഞ്ഞു. അടുത്ത് നാല് മുതല്‍ എട്ട് പാദവാര്‍ഷികങ്ങള്‍ക്കുള്ളില്‍ ഈ മാതൃകയെ അന്തര്‍ദേശീയ തലത്തില്‍ അവതരിപ്പിക്കുന്നതിനാണ് ആലോചന. 2023 അവസാനത്തോടെ ജിയോ ഫോണ്‍ മാതൃകയില്‍ പുതിയ ഫോണ്‍ ആഗോള തലത്തില്‍ അവതരിപ്പിച്ചേക്കും.

15000 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകത്തക്ക വിധത്തിലാണ് ജിയോ-ഗൂഗിള്‍ പങ്കാളിത്തത്തില്‍ ജിയോ ഫോണ്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ നിന്നുള്ള ആദ്യ നിക്ഷേപമായിരുന്നു ഇത്. എന്നാല്‍ ഗൂഗിളിന്റെ പദ്ധതികളെ കുറിച്ച് റിലയന്‍സ് ജിയോ ഏതെങ്കിലും പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

Author

Related Articles