News

ഇന്ധന നികുതി കുറയ്ക്കുന്നത് കേന്ദ്ര പരിഗണനയില്‍; പെട്രോള്‍-ഡീസല്‍ വില കുറയുമോ?

ന്യൂഡല്‍ഹി: ചരിത്ര വിലയിലാണ് പെട്രോളും ഡീസലും രാജ്യത്ത് വില്‍പ്പന നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. കൊറോണയില്‍ നിന്ന് മുക്തമായി വരുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്ധന വില വര്‍ധന. ഇതിനെതിരെ കേരളത്തില്‍ ഇന്ന് പണിമുടക്ക് നടക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിലവര്‍ധനവിനെതിരെ പ്രതിഷേധം നടക്കുകയാണ്. ഡീസല്‍ വില വര്‍ധിച്ചത് കാരണം അവശ്യ വസ്തുക്കളുടെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 100 രൂപ കടന്നു പെട്രോളിന്. ഡീസലും തൊട്ടുപിറകെയുണ്ട്. ഈ സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്ന തുകയില്‍ 60 ശതമാനവും നികുതിയാണ്. നികുതി ഇനത്തില്‍ കുറവ് വരുത്താനാണ് ആലോചന. എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയും അമേരിക്കയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യ പോലുള്ള രാജ്യത്ത് ഇന്ധനവില ഇത്രയും ഉയരുന്നത് ജനങ്ങളെ ദുരതത്തിലാക്കുന്നതാണ് എന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് കേന്ദ്ര ധനമന്ത്രാലയം നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്.

കഴിഞ്ഞ 10 മാസത്തിനിടെ ക്രൂഡ് ഓയിലിന് ഇരട്ടി വിലയായിട്ടുണ്ട്. അതിന്റെ പേരിലാണ് ആഭ്യന്തര വിപണയിലും വില കുത്തനെ ഉയര്‍ത്തുന്നത്. എണ്ണ കമ്പനികള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന ആവശ്യവും ശക്തമാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഉപയോഗം കുറഞ്ഞതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 25 ഡോളറിലെത്തിയിരുന്നു. ഈ സമയം ഇന്ത്യയില്‍ വില കുറയ്ക്കാതെ നികുതി വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. രണ്ടുതവണയാണ് നികുതി കൂട്ടിയിരുന്നത്.

ഇപ്പോള്‍ വില കുറയ്ക്കാനാണ് ആലോചന. നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ചില സംസ്ഥാനങ്ങളോടും എണ്ണ കമ്പനികളോടും കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ച നടത്തി. കേന്ദ്ര ഖജനാവിന് തിരിച്ചടിയില്ലാത്ത വിധം നേരിയ തോതില്‍ നികുതി കുറയ്ക്കാനാണ് ആലോചന. മാര്‍ച്ച് പകുതിയാകുമ്പോള്‍ സുപ്രധാനമായ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്തിടെ സൂചന നല്‍കിയിരുന്നു. പുതിയ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

Author

Related Articles