News

ഉത്സവ സീസണ്‍ ഇ-കൊമേഴ്‌സ് വമ്പന്മാര്‍ക്ക് മികച്ച സമയം; മുന്നില്‍ ആര്?

ഉത്സവ സീസണ്‍ ഇ-കൊമേഴ്‌സ് വമ്പന്മാര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വില്‍പ്പന തീയതികള്‍ തീരുമാനിക്കുന്നത് മുതല്‍ സീസണല്‍ ജോലികള്‍ സൃഷ്ടിച്ച് പ്രമുഖ ബ്രാന്‍ഡുകളുമായി സഹകരിക്കുന്ന കാര്യങ്ങള്‍ തീരുമാനമായാല്‍പ്പിന്നെ മത്സരം തുടങ്ങുകയായി. ഉത്സവ സീസണ്‍ വില്‍പ്പനയില്‍ ഈ വര്‍ഷത്തെ വിജയിയെ പ്രഖ്യാപിക്കുന്നത് നേരത്തെയായി പോവുമെങ്കിലും, മുന്നില്‍ നില്‍ക്കുന്ന ഭീമനെ കണക്കുകള്‍ വെളിവാക്കുന്നു.
 
ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വന്‍ വില്‍പ്പന ഇവന്റാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്നത്. 2020 ഒക്ടോബര്‍ 17 മുതലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. മറുഭാഗത്ത് വെറും ആറ് ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന വില്‍പ്പനയാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേയ്‌സ്. 2020 ഒക്ടോബര്‍ 16 മുതല്‍ ഒക്ടോബര്‍ 21 വരെയുള്ള കാലയളവിലാണ് ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് നടക്കുന്നത്. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച 48 മണിക്കൂറുകളായിരുന്നുവെന്നാണ് വില്‍പ്പനയെക്കുറിച്ച് കമ്പനി അറിയിച്ചത്. ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ ഐഫോണുകള്‍ വില്‍ക്കുന്നതും ഈ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലാണ്. കഴിഞ്ഞ ഉത്സവ സീസണില്‍ വിറ്റഴിച്ചതിനെക്കാള്‍ കൂടുതലാണിതെന്നതും ശ്രദ്ധേയം.

ഫ്‌ലിപ്പ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം പോയ വര്‍ഷത്തെ ബിഗ് ബില്ല്യണ്‍ ഡേയ്‌സിലെ 6 ദിവസം നേടിയ വില്‍പ്പനയെക്കാളും കൂടുതലാണ് ഇത്തവണത്തെ ആദ്യ രണ്ട് ദിവസങ്ങളിലെ വില്‍പ്പന. ആമസോണ്‍ വില്‍പ്പനയിലെ 91 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ 98.4 ശതമാനം പിന്‍കോഡുകളില്‍ നിന്നും ആമസോണിന് ഓര്‍ഡറുകള്‍ ലഭിച്ചു. ഫ്‌ലിപ്പ്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം വില്‍പ്പനയിലെ പകുതിയിലധികം ഓര്‍ഡറുകളും വന്നത് ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നാണ്. പ്ലാറ്റ്‌ഫോമിലെ 1.1 ലക്ഷം വില്‍പ്പനക്കാര്‍ത്ത് ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണ്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു. ഇതില്‍ 66 ശതമാനവും നോണ്‍-മെട്രോ നഗരങ്ങളില്‍ നിന്നാണ്. മറുഭാഗത്ത് മൂന്ന് ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 60 ശതമാനവും ടയര്‍ 2 നഗരങ്ങളിലാണെന്ന് ഫ്‌ലിപ്പ്കാര്‍ട്ടും വ്യക്തമാക്കുന്നു. രാജ്യത്തെ ഏകദേശം 3,000 -ത്തിലധികം പിന്‍കോഡുകളിലേക്ക് വില്‍പ്പന നടത്തിയതായും ഫ്‌ലിപ്പ്കാര്‍ട്ട് പ്രതിനിധികളും വ്യക്തമാക്കുന്നു.

Author

Related Articles