News

ജെയ്റ്റിലി കാണിക്കാത്ത ധൈര്യം കാണിച്ച് നിര്‍മല; സാന്റിയാഗോ മാര്‍ട്ടിന്മാര്‍ക്കായി വാതില്‍തുറന്നിട്ടു,കേരളാ ലോട്ടറിക്ക്‌ ചരമക്കുറിപ്പാകുമോ?

ജിഎസ്ടി കൗണ്‍സിലില്‍ ഇത്തവണ വന്‍ തിരിച്ചടിയാണ് കേരളസര്‍ക്കാരിന് നേരിട്ടിരിക്കുന്നത്. കാരണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നല്ലൊരുഭാഗം സംഭാവന ചെയ്യുന്ന ലോട്ടറി വില്‍പ്പനയിലാണ് ഇത്തവണ പിടിവീണിരിക്കുന്നത്. അന്യസംസ്ഥാന,സംസ്ഥാന ലോട്ടറികളുടെ നികുതി നിരക്ക് ഏകീകരിച്ചാണ് ഇത്തവണ കൗണ്‍സില്‍ പിരിഞ്ഞത്. തീരുമാനം മാര്‍ച്ച് മുതല്‍ പ്രാബല്യത്തിലാകും. അങ്ങിനെ സംഭവിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ലാഭത്തില്‍ വന്‍തോതിലാണ് ഇടിവ് നേരിടുക. കൂടാതെ കടുത്ത മത്സരത്തിനും സാക്ഷിയാകേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28ശതമാനവുമായിരുന്നു നികുതി. ഇത് 28% ഏകീകരിച്ചാണ് തീരുമാനമെടുത്തത്. ഇന്നലെ നടന്ന കൗണ്‍സിലില്‍ ലോട്ടറി നികുതി ഏകീകരണത്തിനെതിരെ ശക്തമായി കേരളം നിലപാടെടുത്തപ്പോള്‍ കൗണ്‍സിലില്‍ തീരുമാനം വോട്ടിനിട്ടു.

ആദ്യമായാണ് ജിഎസ്ടി കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ അവിടെയും തിരിച്ചടിയായി ഫലം . 17 പേര്‍ നികുതി ഏകീകരണത്തിന് ഒപ്പം നിന്നപ്പോള്‍ 7 പേര്‍ മാത്രമാണ് കേരളത്തിനൊപ്പം നിന്നത്. നേരത്തെ ലോട്ടറി നികുതി ഏകീകരണത്തിനെതിരെ രംഗത്ത് വന്ന രാജസ്ഥാനും പഞ്ചാബുമൊക്കെ ഇത്തവണ നിലപാട് മാറ്റിയതും തിരിച്ചടിയായി. ഇക്കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 1200 കോടിരൂപയുടെ ലാഭമാണ് സംസ്ഥാന സര്‍ക്കാരിന് ലോട്ടറി ബിസിനസില്‍ ലഭിക്കുന്നത്. ഇതിന്റെ നല്ലൊരു വിഹിതം ഇനി നികുതിയായി നല്‍കേണ്ടി വരും. അങ്ങിനെ സംഭവിച്ചാല്‍ ലോട്ടറി നിരക്ക് ഉയര്‍ത്തുകയോ സമ്മാനത്തുക കുറയ്ക്കുകയോ ചെയ്യേണ്ട ഗതികേടിലാക്കാകും കേരള സര്‍ക്കാര്‍ കാരുണ്യ ലോട്ടറിയുടേത്. മിസോറം,സിക്കിം ,നാഗാലാന്റ് ലോട്ടറികള്‍ മാര്‍ക്കറ്റ് പിടിച്ചെടുത്തേക്കും. ലോട്ടറി നികുതി ഏകീകരണത്തിനായി ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള വന്‍കിട ഏജന്‍സികള്‍ വര്‍ഷങ്ങളായി നടത്തുന്ന ചരടുവലികളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്‍ കേരളവിപണിയെ ഊറ്റിക്കൊണ്ട് പോയപ്പോള്‍ തകര്‍ച്ച നേരിട്ടിരുന്ന കേരളാ ലോട്ടറിയെ രക്ഷിച്ചെടുക്കാന്‍ നിരവധി നയങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ പിടിച്ചുനിന്നത്. 2007ല്‍ ലോട്ടറി ഏജന്‍സികളെ നിയന്ത്രിക്കാന്‍ സാധിക്കാതിരുന്ന ആ കാലത്ത് നാല്‍പതോളം കോടി രൂപ ചട്ടംലംഘിച്ച് മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള അന്യസംസ്ഥാന ലോട്ടറി ഏജന്‍സികള്‍ സംസ്ഥാനത്ത് നിന്ന് കടത്തിയിരുന്നു.

 കേരളത്തിന്റെ സമ്പദ് വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിക്കുന്ന ഘടകങ്ങളില്‍ ലോട്ടറിയുടെ സ്ഥാനം വലുതാണ്.രാജ്യമാകെ ഒരൊറ്റ വിപണിയായി കണ്ടുള്ളതാണ് ജിഎസ്ടി കൗണ്‍ിസിലിന്റെ തീരുമാനം. അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്ക് സംസ്ഥാന ലോട്ടറിയുമായി മത്സരിച്ച് കൂടുതല്‍ ലാഭം കൊയ്യാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമായിരുന്നു മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഈ പുതിയ നടപടിയിലൂടെ സംസ്ഥാന സര്‍ക്കാരിന് രൂക്ഷമത്സരമാണ് ലോട്ടറിയില്‍ നേരിടേണ്ടി വരിക. ലോട്ടറി വിറ്റുകിട്ടുന്ന പണം കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതി അടക്കമുള്ള ജനക്ഷേമപദ്ധതികള്‍ നടത്തിക്കൊണ്ടുപോകുന്നത്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം മാര്‍ച്ച് ഒന്ന് മുതലാണ് നടപ്പാക്കുക. ഇനി മുതല്‍ സംസ്ഥാന ലോട്ടറിക്കൊപ്പം മിസോറം,സിക്കിം,നാഗാലാന്റ് ലോട്ടറികള്‍ മത്സരിച്ച് വിപണി നേടുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ വെല്ലുവിളിയാകും പുതിയ നടപടികള്‍. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷന്‍സ് എന്ന കമ്പനിയാണ് ലോട്ടറി നികുതി ഏകീകരണത്തിനായി ചുക്കാന്‍ പിടിച്ചിരുന്നത്. അരുണ്‍ജെയ്റ്റിലി ധനമന്ത്രിയായിരിക്കെ ലോട്ടറി നികുതി ഏകീകരിക്കാന്‍ പല ഏജന്‍സികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം നടപ്പിലാക്കിയിരുന്നില്ല. ഈ നിലപാടുകളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയിലുള്ള കൗണ്‍സിലില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ലോട്ടറി വരുമാനത്തിന് നേരിടുന്ന അനിശ്ചിതത്വം ഒരു ലക്ഷത്തില്‍പരം ഏജന്റുമാരെയും വില്‍പ്പനക്കാരെയും ഗുരുതരമായി ബാധിക്കുമെന്നും വിലയിരുത്തുന്നു. നിലവില്‍ പതിനെട്ട് ശതമാനമാണ് ലോട്ടറി വില്‍പ്പനയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന വിഹിതം. ടിക്കറ്റ് വില കൂട്ടുകയോ സമ്മാനത്തുക കുറയ്ക്കുകയോ വരുമാനവിഹിതം കുറയ്ക്കുകയോ വേണ്ടി വരുമെന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയാകും.

Sub Editor Financial View

Related Articles