News

എച്ച്ഡിഎഫ്സി ബാങ്ക് അറ്റാദായത്തില്‍ വര്‍ധന; 20 ശതമാനം ഉയര്‍ന്ന് 6,659 കോടി രൂപയായി

ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ കോവിഡ് പ്രതിസന്ധിക്കു കീഴ്പ്പെടാതെ എച്ച്ഡിഎഫ്സി ബാങ്ക് അറ്റാദായം 19.58 ശതമാനം ഉയര്‍ന്ന് 6,658.62 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 5,568.16 കോടി രൂപയായിരുന്നു.നിഷ്‌ക്രിയ ആസ്തിയുടെ തോത് അല്‍പ്പം ഉയര്‍ന്നെങ്കിലും വായ്പയിലും നിക്ഷേപത്തിലും ഭേദപ്പെട്ട വളര്‍ച്ച രേഖപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.

അറ്റ പലിശ വരുമാനം 17.80 ശതമാനം വര്‍ധിച്ച് 15,665.40 കോടി രൂപയായി.നിക്ഷേപത്തില്‍ 24.6  ശതമാനം മുന്നേറ്റം കൈവരിച്ചു സ്വകാര്യ ബാങ്ക്. 20.9 ശതമാനമാണ് വായ്പയുടെ വളര്‍ച്ച.അറ്റ പലിശ വരുമാനം 17.8 ശതമാനം ഉയര്‍ന്ന് 15,665 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 13,294 കോടി രൂപയായിരുന്നു.2020 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ 12,650 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ അവസാനത്തോടെ മൊത്തം നിഷ്‌ക്രിയ ആസ്തി 13,773.5 കോടി രൂപയായി ഉയര്‍ന്നു. മൊത്തം വായ്പകളുമായുള്ള എന്‍പിഎ അനുപാതം മുന്‍ പാദത്തിലെ 1.26 ശതമാനത്തില്‍ നിന്ന് 1.36 ശതമാനമായാണ് വര്‍ദ്ധിച്ചത്.മൊറട്ടോറിയത്തിന് കീഴിലുള്ള വായ്പകളുടെ അനുപാതം ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അനിശ്ചിതത്വങ്ങളെ നേരിടുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്ക് മാറ്റിവച്ചിട്ടുള്ളത് 3891.5 കോടി രൂപയാണ്്.

2020 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ മൊത്തം വായ്പ 21 ശതമാനം ഉയര്‍ന്ന് 10.03 ലക്ഷം കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 8.29 ലക്ഷം കോടി രൂപയായിരുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചില്ലറ വായ്പ 7.2 ശതമാനം ഉയര്‍ന്ന് 4.75 ലക്ഷം കോടി രൂപയായി.അതേസമയം ഓട്ടോ, ഇരുചക്ര, വാണിജ്യ വാഹനങ്ങള്‍, വാണിജ്യ ഉപകരണ വിഭാഗങ്ങളിലെ വായ്പകള്‍ കുറഞ്ഞു. സെക്യൂരിറ്റികള്‍ ജാമ്യമായുള്ള  വായ്പകളും ചുരുങ്ങി. റീട്ടെയില്‍ വായ്പകള്‍ ബാങ്കിന്റെ മൊത്തം വായ്പാ പുസ്തകത്തിന്റെ 48% ഉള്‍ക്കൊള്ളുന്നു. 2020 മാര്‍ച്ച് 30 ന് അവസാനിച്ച പാദത്തെ അപേക്ഷിച്ച് ബാങ്കുകളുടെ മൊത്തം മൊത്തം വായ്പ 4% കുറഞ്ഞു. സ്വര്‍ണ്ണ വായ്പകള്‍ ഒഴികെ എല്ലാ വിഭാഗങ്ങളിലും പുതിയ വായ്പകള്‍ താഴ്ന്നു.

Author

Related Articles