News

ഇന്ത്യ-യുഎഇ വ്യാപാര കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍; നേട്ടങ്ങളെന്തെല്ലാം?

ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുന്നു. മെച്ചപ്പെടുത്തിയ വിപണി പ്രവേശനവും കുറഞ്ഞ താരിഫുകളും ഉള്‍പ്പെടെ ഇന്ത്യന്‍, യുഎഇ ബിസിനസുകള്‍ക്ക് ഈ കരാര്‍ കാര്യമായ നേട്ടങ്ങള്‍ നല്‍കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് വിദേശ വ്യാപാര സഹമന്ത്രി താനി അല്‍ സെയൂദി ട്വിറ്ററില്‍ അറിയിച്ചു.

ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ വ്യാപാര കരാറായ സിഇപിഎ ഒപ്പിട്ടത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും കരാറില്‍ ഒപ്പുവെക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 60 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സിഇപിഎയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീര്‍ പറഞ്ഞു. സിഇപിഎ അന്തിമമാക്കുകയും ഒപ്പിടുകയും ചെയ്തത് വെറും 88 ദിവസത്തിനുള്ളിലാണെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയുന്നത്.

ഫെബ്രുവരിയില്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, യുഎഇയുടെ ഔദ്യോഗിക എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രത്യേക പ്രസ്താവനയില്‍, യുഎഇ-ഇന്ത്യ സിഇപിഎ ഒപ്പിടുന്നത് ഉഭയകക്ഷി ബന്ധത്തിലെ ഒരു നാഴികക്കല്ലാണ് എന്നും ചരക്കുകളിലും സേവനങ്ങളിലും, അത് മെച്ചപ്പെട്ട നിക്ഷേപത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു. യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും അറബ് ലോകവുമായുള്ള വ്യാപാരത്തിന്റെ ഏകദേശം 40 ശതമാനവും യുഎഇയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയും യുഎഇയും വാണിജ്യ കരാറിനായുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചിരുന്നു. ചരക്കുകള്‍, സേവനങ്ങള്‍, ഉത്ഭവ നിയമങ്ങള്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ സംഭരണം, ബൗദ്ധിക സ്വത്തവകാശം, ഇ-കൊമേഴ്സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകള്‍ ഈ കരാറില്‍ ഉള്‍ക്കൊള്ളുന്നു. അത്തരം കരാറുകള്‍ക്ക് കീഴില്‍, രണ്ട് വ്യാപാര പങ്കാളികള്‍ അവര്‍ക്കിടയില്‍ വ്യാപാരം ചെയ്യുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു.

കൂടാതെ, സേവനങ്ങളിലെ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മാനദണ്ഡങ്ങളും ഉദാരമാക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2020-21ല്‍ 43.3 ബില്യണ്‍ ഡോളറാണ്. കയറ്റുമതി 16.7 ബില്യണ്‍ ഡോളറായിരുന്നു. 2020-21ല്‍ ഇറക്കുമതി 26.7 ബില്യണ്‍ ഡോളറായി. 2019-20ല്‍ 59.11 ബില്യണ്‍ ഡോളറായിരുന്നു ഇരുവരും തമ്മിലുള്ള വാണിജ്യം.

Author

Related Articles