News

ബാങ്കിങ് സേവനങ്ങള്‍ വാട്ട്‌സ്ആപ്പിൽ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക്; ബാങ്കിൽ പോകാതെ വീട്ടിലിരുന്ന് ആവശ്യങ്ങള്‍ നിറവേറ്റാം

കൊച്ചി: കോവിഡ്-19 വ്യാപനം തടയുന്നതിന് രാജ്യമെങ്ങും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ വാട്ട്‌സ്ആപ്പ് വഴി ബാങ്കിങ് സേവനങ്ങള്‍ ആരംഭിച്ചതായി ഐസിഐസിഐ ബാങ്ക് അറിയിച്ചു.

ഈ സേവനം ഉപയോഗിച്ച് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിങ്‌സ് അക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കാം. മുന്‍കൂട്ടി അംഗീകാരം ലഭിച്ച വായ്പ സേവനങ്ങളുടെ വിശദാംശങ്ങള്‍ അറിയാനും സുരക്ഷിതമായ രീതിയില്‍ ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക്/അണ്‍ബ്ലോക്ക് ചെയ്യാനും സാധിക്കും. ഏറ്റവും അടുത്തുള്ള മൂന്ന് ഐസിഐസിഐ ബാങ്ക് എടിഎമ്മുകളുടെയും ശാഖകളുടെയും വിശദാംശങ്ങളും ഈ സേവനം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഇതുവഴി റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ബ്രാഞ്ച് സന്ദര്‍ശിക്കാതെ അവരുടെ ബാങ്കിങ് ആവശ്യങ്ങള്‍ വീട്ടിലിരുന്ന് തന്നെ സ്വന്തമായി നടപ്പിലാക്കാന്‍ കഴിയുമെന്നും സേവനങ്ങള്‍ വേഗത്തിലുള്ളതും സുരക്ഷിതവുമായിരിക്കുമെന്നും ഇതേ കുറിച്ച് സംസാരിച്ച ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു.

വാട്ട്‌സ്ആപ്പുള്ള ഏതൊരു ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താവിനും പുതിയ സേവനം ഉപയോഗിക്കാന്‍ കഴിയും. സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ഉപഭോക്താവ് ആദ്യം ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ നമ്പര്‍ - 9324953001 മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത ശേഷം ഈ നമ്പറിലേക്ക് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് ഒരു 'ഹായ്' മെസേജ് അയക്കണം. ലഭ്യമായ സേവനങ്ങളുടെ ഒരു ലിസ്റ്റ് ഉപയോഗിച്ച് ബാങ്ക് ഉപഭോക്താവിന് മറുപടി സന്ദേശം നല്‍കും. ഈ പട്ടികയില്‍ നിന്ന് ആവശ്യമുള്ള സേവനത്തിന്റെ കീവേഡ് ടൈപ്പ് ചെയ്ത്  ഉപഭോക്താവിന് എളുപ്പത്തില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്റെ വെബ്‌സൈറ്റിലുണ്ട്.

Author

Related Articles